ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഏറെ നീണ്ടതും ഇ.ഡി വീണ്ടും വിളിപ്പിക്കുമെന്നതും മൊഴിയില്‍ പൊരുത്തക്കേടുകളുള്ളതിന്റെ തെളിവാണെന്ന് യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ദ ക്യുവിനോട്. മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചതിലെ വൈരുദ്ധ്യങ്ങള്‍ സാമാന്യബോധമുള്ളവര്‍ക്ക് വ്യക്തമായതാണ്. എന്നാല്‍ അന്വേഷണ സംഘം അവരുടേതായ രീതിയില്‍ ചോദ്യം ചെയ്യുമ്പോള്‍ പൊരുത്തക്കേടുകള്‍ എളുപ്പം ബോധ്യപ്പെടും. ബിനീഷിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് സമഗ്രമായ സിബിഐ അന്വേഷണം വേണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു. ബിനീഷിന്റെ പങ്കാളിത്തം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററ്റേ് ഗൗരവമായി പരിശോധിക്കുന്നുവെന്നാണ് ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകുന്നത്. ഒരുപക്ഷേ സ്വര്‍ണക്കടത്തുകേസില്‍ എറ്റവും നീണ്ട മൊഴിയെടുക്കലിനാണ് ബിനീഷ് വിധേയനായത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍ മാത്രമായി ഒതുങ്ങരുത്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മാത്രമല്ല പരിശോധനകള്‍ വേണ്ടത്. മയക്കുമരുന്ന് കടത്ത് കേസ് അന്വേഷണത്തിനിടെയാണ് ബിനീഷിന് സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ചിലരുമായി ബന്ധമുണ്ടെന്ന് എന്‍സിബി മനസ്സിലാക്കുന്നത്. ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മില്‍ ജൂലൈ 10 ന് നടന്ന വാട്ട്‌സ് ആപ്പ് കോളുകള്‍ സംബന്ധിച്ച് എന്‍സിബി പരിശോധിച്ചിട്ടുണ്ട്. തങ്ങളുടെ അന്വേഷണ പരിധിയില്‍ വരുന്ന വിഷയമല്ലാത്തതിനാലാണ് എന്‍സിബി അത് രേഖപ്പെടുത്താതിരുന്നതെന്നാണ് മനസ്സിലാക്കുന്നത്.
സ്വര്‍ണക്കടത്തില്‍ എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റുമാണ് അന്വേഷണം നടത്തുന്നത്. യുഎപിഎ നിലനില്‍ക്കില്ലെന്ന് വന്നാല്‍ ഒരുപക്ഷേ എന്‍ഐഎ കേസ് അവിടെ അവസാനിക്കും. അതായത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നുള്ള പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നത് എന്‍ഐഎ തെളിയിക്കേണ്ടതുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ കേസ് അവിടെ നില്‍ക്കും. അലനും താഹയ്ക്കും ജാമ്യം കൊടുക്കുമ്പോള്‍, യുഎപിഎ നിലനില്‍ക്കില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അങ്ങനെയൊരു പ്രശ്‌നമുണ്ട്. ബാംഗ്ലൂരിലെ കമ്പനിയെക്കുറിച്ചും യുഎഎഫ്എക്‌സ് ബിനീഷിന്റെ ബിനാമി കമ്പനിയാണോയെന്നും അതിന്റെ മറവില്‍ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നെല്ലാമാണ് ഇ.ഡി പരിശോധിക്കുന്നത്. കസ്റ്റംസും എന്‍ഫോഴ്‌സുമെന്റും അന്വേഷിക്കുന്ന കുറ്റങ്ങളില്‍ പിഴയടയ്ക്കലായൊക്കെ കേസ് ഒതുങ്ങാനുള്ള സാധ്യതയുണ്ട്. കേവലം സാമ്പത്തിക കുറ്റകൃത്യം എന്ന നിലയ്ക്കാണ് അവര്‍ക്കത് മുന്നോട്ടുകൊണ്ടുപോകാനാവുക. ബിനീഷിന്റെ വിഷയത്തില്‍ മയക്കുമരുന്ന്, ഹവാല, സ്വര്‍ണക്കടത്ത് എന്നിവയെല്ലാം വരുന്നുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കണ്ണികളെക്കുറിച്ചൊക്കെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരോപണ വിധേയമായ കമ്പനികളെ ഇതിനെല്ലാം ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പല സംഭവങ്ങളായതിനാല്‍ സമഗ്രമായ സിബിഐ അന്വേഷണമാണ് വേണ്ടത്. എന്‍ഐഎ, കസ്റ്റംസ്, ഇഡി എന്നിവയ്ക്ക് അവരുടേതായ പരിമിതികളുണ്ട്. കുറ്റമറ്റ പരിശോധന സാധ്യമാകണമെങ്കില്‍ സിബിഐ വരണമെന്നാണ് നിയമവിദഗ്ധരുമായി സംസാരിച്ചതില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും പി.കെ ഫിറോസ് പറഞ്ഞു.
യുഎഎഫ്എക്‌സ് സൊല്യൂഷന്‍സിന്റെ ഡയറക്ടറായ അബ്ദുള്‍ ലത്തീഫിന്റെ സഹോദരന്റെ കാര്‍ ഉപയോഗിക്കുന്നത് ബിനീഷ് കോടിയേരിയാണ്. മറ്റൊരു ഡയറക്ടറായ അരുണ്‍ വര്‍ഗീസുമായും ബിനീഷിന് ബന്ധമുണ്ട്. ഈ സ്ഥാപനത്തിനാണ് വിസ സ്റ്റാമ്പിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ യുഎഇ കോണ്‍സുലേറ്റ് നല്‍കിയിരിക്കുന്നത്. ഈ കമ്പനി തനിക്ക് കമ്മീഷന്‍ നല്‍കിയെന്നും ആ പണമാണ് ലോക്കറില്‍ സൂക്ഷിച്ചതെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഈ കമ്പനിക്ക് ചുമതല കിട്ടാന്‍ കണ്ണിയായി പ്രവര്‍ത്തിച്ചത് ബിനീഷ് കോടിയേരിയാണെന്ന് സംശയിക്കാവുന്ന എല്ലാ കാരണങ്ങളും നമുക്ക് മുന്നിലുണ്ട്. അന്വേഷണ ഏജന്‍സിയാണ് അത് കണ്ടുപിടിക്കേണ്ടത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അനൂപുമായുള്ള ബന്ധം സംബന്ധിച്ച് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞതില്‍ തന്നെ നിരവധി പൊരുത്തക്കേടുകളുണ്ട്. തുണിക്കടയില്‍ നിന്നുള്ള പരിചയമാണ്, ടീഷര്‍ട്ട് വാങ്ങാന്‍ പോയപ്പോള്‍ കണ്ടുമുട്ടിയതാണെന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ മാത്രം പരിചയമുള്ളയാള്‍ക്ക് ആറ് ലക്ഷം കടംകൊടുത്തെന്നാണ് പറയുന്നത്. 2015 ല്‍ കൊടുത്ത പണം തിരിച്ചുകിട്ടിയോ ഇല്ലയോ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടുമില്ല. അറസ്റ്റിന് രണ്ട് ദിവസം മുന്‍പാണ് അനൂപ് അവസാനമായി വിളിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പതിനയ്യായിരം രൂപ ഇട്ടുകൊടുത്തെന്നുമാണ് വിശദീകരണം. ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ എന്തിനാണ് അത്രയും തുകയെന്ന ചോദ്യമുണ്ട്. രണ്ടുദിവസത്തിനിപ്പുറം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അനൂപിന്റെ കയ്യില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം പിടിച്ചെടുത്തിട്ടുണ്ട്. പൈസയില്ലാത്തതുകൊണ്ട് സഹായിച്ചതാണെന്ന ബിനീഷിന്റെ വാദത്തില്‍ പ്രശ്‌നമുണ്ട്. അധികമാരെയും വിളിക്കാറില്ല, ദീര്‍ഘമായി ഫോണില്‍ സംസാരിക്കാറില്ലെന്നൊക്കെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഈ വാദങ്ങള്‍ തെറ്റാണെന്ന് ഫോണ്‍ കോള്‍ രേഖകള്‍ പുറത്തുവന്നപ്പോള്‍ വ്യക്തമായതാണ്. ഒരു മാസത്തിനിട 56 തവണയാണ് ബിനീഷും അനൂപും സംസാരിച്ചത്. 8 മിനിട്ട് ദൈര്‍ഘ്യമൊക്കെയുള്ള നിരവധി കോളുകളുണ്ട്. ബിനീഷിന്റെ വാദങ്ങളിലത്രയും വൈരുധ്യങ്ങളാണെന്ന് സാമാന്യയുക്തിയില്‍ തന്നെ മനസ്സിലാകുമെന്നും പി.കെ ഫിറോസ് ദ ക്യുവിനോട് പറഞ്ഞു.