നെടുങ്കണ്ടം കസ്റ്റഡി മരണം: കേസില്‍ ഇടപെടരുതെന്ന് കുടുംബത്തോട് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് പരാതി; ആരോപണം നിഷേധിച്ച് പാര്‍ട്ടി

നെടുങ്കണ്ടം കസ്റ്റഡി മരണം: കേസില്‍ ഇടപെടരുതെന്ന് കുടുംബത്തോട് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് പരാതി; ആരോപണം നിഷേധിച്ച് പാര്‍ട്ടി

Published on

നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതി സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ കേസില്‍ ഇടപെടരുതെന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യയോടും മകനോടും സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് പരാതി. മരണത്തില്‍ എസ്പിക്ക് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുവെന്നാണ് രാജ്കുമാറിന്റെ ബന്ധുവായ ആന്റണിയുടെ ആരോപണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കുടുംബത്തെ സിപിഐഎം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തിയെന്നത് വ്യാജവാര്‍ത്തയെന്ന് സിപിഐഎം ലോക്കല്‍ സെക്രട്ടറി വി സജീവ് കുമാര്‍ പ്രതികരിച്ചു. രാജ്കുമാറിന്റെ കുടുംബം പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുമെന്ന് കരുതുന്നില്ല. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് രാജ്കുമാറിന്റേതെന്നും ഇപ്പോള്‍ ഈ വിഷയം സിപിഐഎമ്മിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും സജീവ് കുമാര്‍ പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണം: കേസില്‍ ഇടപെടരുതെന്ന് കുടുംബത്തോട് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് പരാതി; ആരോപണം നിഷേധിച്ച് പാര്‍ട്ടി
രാജ് കുമാറിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍, അപ്പോള്‍ ആരോഗ്യവാന്‍, ‘ഉരുട്ടിക്കൊല’ ആരോപണം ബലപ്പെടുത്തി സാക്ഷി മൊഴി

സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ആന്റണി എന്ന് പറയുന്നയാള്‍ രാജ്കുമാറിന്റെ അകന്ന ഒരു ബന്ധു മാത്രമാണ്. ആരോപണം എന്തെങ്കിലും ഉണ്ടെങ്കില്‍ അത് രാജ്കുമാറിന്റെ ഭാര്യയോ അമ്മയോ ആരെങ്കിലും പറയട്ടെ. മരണവുമായി കുടുംബത്തിന് പരാതി ഉണ്ടെങ്കില്‍ ആ പരാതിക്കൊപ്പമാണ് സിപിഐഎം.

വി സജീവ് കുമാര്‍.

രാജ്കുമാര്‍ ഒറ്റയ്ക്ക് ഒരിക്കലും ഒന്നര കോടിയുടെ തട്ടിപ്പ് നടത്തില്ല, അതിന് പിന്നിലാരാണെന്ന് അറിയണം. അതുപോലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഒരു മനുഷ്യനോട് ചെയ്യാന്‍ പാടില്ലാത്ത എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിന് എതിരെ നടപടി ഉണ്ടാകണം. അത് മുഖ്യമന്ത്രിയോട് കത്ത് മൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സജീവ് കുമാര്‍ പറഞ്ഞു.

ജൂണ്‍ 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 21ാം തിയ്യതിയാണ് പീരുമേട് സബ്ജയിലില്‍ രാജ് കുമാര്‍ മരിച്ചത്. പ്രതിയുടെ കാലുകളിലെ മുറിവാണ് ഉരുട്ടിക്കൊല ആരോപണം സംസ്ഥാനത്ത് വീണ്ടും ഉയരാന്‍ ഇടയാക്കിയത്. ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നതിന് വ്യക്തമായ സൂചനയുമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മര്‍ദനത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞു. കാലിനും ശരീരത്തിന്റെ പലഭാഗത്തും മര്‍ദനമേറ്റു. ന്യൂമോണിയ ബാധയെത്തുടര്‍ന്നാണ് മരിച്ചത്. എന്നാല്‍, മരണകാരണം ഇതല്ല. ന്യൂമോണിയയിലേക്ക് നയിച്ചത് ആന്തരിക മുറിവുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Cue
www.thecue.in