എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ അവൈലബിള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുതിയ നിര്‍വചനമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കുടിയേറ്റ തൊഴിലാളികളുടെ മരണം മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് ശശി തരൂരിന്റെ രൂക്ഷവിമര്‍ശനം.
കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് വിവരമില്ല. കര്‍ഷക ആത്മഹത്യകളെക്കുറിച്ചും വിവരമില്ല. സാമ്പത്തിക സ്ഥിതി സംബന്ധിച്ചാണെങ്കിലുള്ളത് തെറ്റായ വിവരങ്ങള്‍. കൊവിഡ് മരണങ്ങളിലുള്ളത് ദുരൂഹമായ വിവരങ്ങള്‍. ജിഡിപി സംബന്ധിച്ച് മേഘാവൃതമായതും. എന്‍ഡിഎ എന്നതിന് ഈ സര്‍ക്കാര്‍ പുതിയ നിര്‍വചനം നല്‍കുന്നു. നോ ഡാറ്റ അവൈലബിള്‍- ഇങ്ങനെയായിരുന്നു ട്വീറ്റ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ലോക്ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമോയെന്ന ചോദ്യത്തിന് അവരുടെ വിവരങ്ങളില്ലെന്നാണ് കേന്ദ്രം മറുപടി നല്‍കിയത്. രാജ്യത്ത് എത്ര അനധികൃത കുടിയേറ്റക്കാരുണ്ടെന്നതിനും എത്ര കര്‍ഷകര്‍ മരിച്ചെന്നതിനും എത്ര പേര്‍ക്ക് കൊവിഡില്‍ തൊഴില്‍ നഷ്ടമായെന്നതിനും എത്ര ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മരിച്ചെന്നതിനും വിവരങ്ങളില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.