ലവ് ജിഹാദ് വിവാദം; കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലവ് ജിഹാദ് വിവാദം; കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
Published on

ലവ് ജിഹാദ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

പതിനഞ്ച് ദിവസത്തിനകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരള സന്ദര്‍ശനത്തിനിടെ ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാരെ ചെയര്‍മാന്‍ നേരിട്ട് കാണും.

അതേസമയം മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന ചില കേസുകളില്‍ ലവ് ജിഹാദ് പരാമര്‍ശത്തിന്റെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു. ചില വിവാഹങ്ങളുമായി ബന്ധപ്പെട്ട് ലവ് ജിഹാദ് പരാമര്‍ശിച്ച് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ അങ്ങനെ ഒന്ന് ഉള്ളതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹം ചെയ്ത് ജീവിക്കാം. നിയമപരമായ പ്രായപരിധി എത്തണമെന്നേയുള്ളൂ. മറ്റു തടസ്സങ്ങളൊന്നും ഇക്കാര്യത്തിലില്ലെന്നും അധ്യക്ഷന്‍ പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പി നേതൃത്വം ലൗജിഹാദ് ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ബി.ജെ.പിയോട് ചോദിക്കണം എന്നും ലാല്‍പുര മറുപടി നല്‍കി.

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാണ് എന്നതിനപ്പുറം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടേയോ മതത്തിന്റേയോ വക്താവല്ല താന്‍. എന്താണ് ലൗജിഹാദ്. ഒരു ഡിക്ഷ്ണറിയിലും താന്‍ ഇങ്ങനെ ഒരു വാക്ക് കണ്ടിട്ടില്ല. ചില മിശ്ര വിവാഹ കേസുകളില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിലേക്ക് എത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇതില്‍ കുറേയൊക്കെ സത്യമുള്ളതായും ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള കമ്മീഷന്റെ ആശങ്ക സംസ്ഥാന സര്‍ക്കാറുകളെ അറിയിച്ചിട്ടുണ്ട്. അതിനെ ആ നിലയില്‍ കണ്ടുകൊണ്ട് നടപടി എടുക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in