സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് വാദത്തില്‍ കയറിപ്പിടിച്ച് കേന്ദ്രം : ഡിജിപിയോട് വിശദീകരണം തേടി ന്യൂനപക്ഷ കമ്മീഷന്‍
സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുവെന്ന സീറോ മലബാര്‍ സഭയുടെ ആരോപണത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹറയോട് വിശദീകരണം തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. സീറോ മലബാര്‍ സഭയുടെ വാദത്തില്‍ 21 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡിജിപിയോട് നിര്‍ദേശിച്ചിരിക്കുന്നത്. സഭ സമര്‍പ്പിച്ച കത്തിന്റെയും പ്രമേയത്തിന്റെയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.സംസ്ഥാനത്ത് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നുവെന്ന് കൊച്ചിയില്‍ ചേര്‍ന്ന സഭ സിനഡ് അരോപിച്ചിരുന്നു.
പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്ന കേസുകള്‍ വര്‍ധിക്കുന്നുവെന്നായിരുന്നു സഭയുടെ വാദം. കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും മതംമാറിയ ക്രൈസ്തവരാണ്. ഇത്തരം പരാതികളിലൊന്നും പൊലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്നും സഭ കുറ്റപ്പെടുത്തിയിരുന്നു
പൊലീസ് വീഴ്ചയുണ്ടായത് ദുഖകരമാണെന്നും വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നോട്ടീസില്‍ ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കുന്നത്. മറുപടി നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും പരാമര്‍ശിക്കുന്നുണ്ട്.. സംസ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദിന് ഇരകളാക്കുന്നുവെന്ന് ഏറെക്കാലമായി സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ച് വരുന്നുണ്ട്. സമാന വാദം ഏറ്റെടുത്ത് സജീവമാക്കിയിരിക്കുകയാണ് സീറോ മലബാര്‍ സഭ.