അഫ്ഗാനിലെ താലിബാന്‍ വിജയം ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടകരം; വിമര്‍ശനവുമായി നസീറുദ്ദീന്‍ ഷാ

അഫ്ഗാനിലെ താലിബാന്‍ വിജയം ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടകരം; വിമര്‍ശനവുമായി 
നസീറുദ്ദീന്‍ ഷാ
Published on

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത് ഇന്ത്യയില്‍ ആഘോഷിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമെന്ന് നടന്‍ നസീറുദ്ദീന്‍ ഷാ. താലിബാനെ ആഘോഷിക്കുന്നവര്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നു ചിന്തിക്കണമെന്നും നസീറുദ്ദീന്‍ ഷാ പറഞ്ഞു.

'' ലോകത്തെയാകെ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത് ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം മുസ്ലിംങ്ങള്‍ താലിബാന്റെ വിജയം ആഘോഷിക്കുന്നത് അപകടകരമാണ്. താലിബാനെ ആഘോഷിക്കുന്നവര്‍ നവീകരണം വേണോ അപരിഷ്‌കൃത രീതി വേണോ എന്നാലോചിക്കണം. നമുക്ക് അംഗീകരിക്കാന്‍ കഴിയാത്ത മാറ്റമാണിത്,'' നസീറുദ്ദീന്‍ ഷാ പറഞ്ഞു.

സയേമ എന്ന കലാകാരിയാണ് നസീറുദ്ദീന്‍ ഷായുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

20 വര്‍ഷക്കാലത്തെ യുദ്ധത്തിന് വിരാമമിട്ട് അമേരിക്കന്‍ സൈന്യം പൂര്‍ണമായി അഫ്ഗാനിസ്ഥാന്‍ വിട്ടു.അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ, ആഗസ്റ്റ് 31 ആയിരുന്നു അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് താലിബാന്‍ നല്‍കിയ അവസാന തിയതി. അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ചുപോക്ക് വെടിയൊച്ച മുഴക്കിയാണ് താലിബാന്‍ ആഘോഷിച്ചത്.

പതിനായിരക്കണക്കിന് അമേരിക്കക്കാരെയും, അമേരിക്കയെ യുദ്ധത്തില്‍ സഹായിച്ച അഫ്ഗാനികളെയും ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ 18 ദിവസങ്ങളായി നടന്നിരുന്നത്. 123,000 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചെന്നാണ് പെന്റഗണ്‍ അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in