കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷം ഒരു കൂട്ടര്‍ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചുവര്‍ഷം വേറൊരു കൂട്ടര്‍ കൊള്ളയടിക്കുന്നു. എല്‍.ഡി.എഫും യു.ഡി.എഫും ഈ നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പശ്ചിമ ബെംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണ്. യു.പി.എ. ഒന്നാം സര്‍ക്കാരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഘടകകക്ഷികളായിരുന്നു. രണ്ടാം യു.പി.എയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കി. പക്ഷെ ഇവിടെ തിരഞ്ഞെടുപ്പു കാലത്ത് ഇവര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ആ ആരോപണങ്ങളില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും നരേന്ദ്ര മോഡി വിമർശിച്ചു.
നരേന്ദ്രമോദിയുടെ വാക്കുകള്‍:
എല്‍ഡിഎഫും യുഡിഎഫും മാറിമാറി വന്ന് കൊള്ളയടിക്കുന്ന കാഴ്ച്ചയാണ് കേരളത്തില്‍ കാണുന്നത് . അഞ്ച് വര്‍ഷം ഒരു കൂട്ടര്‍ കൊള്ളയടിക്കും. പിന്നീടുള്ള അടുത്ത വര്‍ഷം അടുത്ത കൂട്ടര്‍ വരും. ഇന്ത്യയില്‍ പലയിടത്തും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമായി ഈ ശത്രുത ഇല്ല. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാരിനെ മുന്‍പ് ഇടതുപാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. അണിയറയ്ക്ക് പിന്നില്‍ നടക്കുന്ന നാടകങ്ങള്‍ ഇപ്പോള്‍ തുറന്നുകാട്ടപ്പെടുകയാണ്. പശ്ചിമബംഗാളില്‍ ഇരുപാര്‍ട്ടികളും ചങ്ങാത്തത്തിലാണ്. വ്യത്യസ്ത പേരുകള്‍ ആണെങ്കിലും രണ്ട് കൂട്ടരും ചെയ്യുന്നത് ഒരേ പ്രവൃത്തികള്‍ തന്നെയാണ്. യുഡിഎഫുകാര്‍ സൂര്യരശ്മികളെപ്പോലും വിറുതെവിട്ടില്ല. യൂദാസ് യേശുക്രിസ്തുവിനെ ഏതാനും വെള്ളിക്കാശിനുവേണ്ടി ഒറ്റുകൊടുത്തതുപോലെ ഏതാനും സ്വര്‍ണ്ണക്കട്ടികള്‍ക്കുവേണ്ടി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒറ്റുകൊടുത്തു.
കേരളത്തെ അഞ്ച് ഗുരുതരരോഗങ്ങള്‍ ബാധിച്ചിരിക്കുന്നു. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വത്ക്കരണം എന്നിവയാണ് ഈ അഞ്ച് രോഗങ്ങള്‍. വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണ് ഇത്തരം രോഗങ്ങള്‍ മൂര്‍ച്ഛിക്കുന്നത്. സ്വന്തം കീശ വീര്‍പ്പിക്കാന്‍ രണ്ടുകൂട്ടരും ഈ രോഗങ്ങള്‍ വെച്ച് ഒത്തുകളിക്കുന്നു.
കേരളത്തിലെ പ്രത്യേകിച്ചും, ഇന്ത്യയില്‍ പൊതുവേയും യുവാക്കള്‍ ബിജെപിയെ പിന്തുണക്കുന്നു. പ്രൊഫഷണുകളായ ആളുകള്‍ ബിജെപി വിഭാവനം ചെയ്യുന്ന പദ്ധതികള്‍ കണ്ട് ഞങ്ങള്‍ക്കൊപ്പം ചേരുന്നു. ഇതിന്റെ മികച്ച ഉദാഹരണമാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. ജീവിതത്തില്‍ എല്ലാം നേടിയ ഒരു മനുഷ്യന്‍, ഇന്ത്യയുടെ ആധുനികവല്‍ക്കരണത്തില്‍ വലിയ പങ്കുവഹിച്ച ഒരു മനുഷ്യന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എത്തിയിരിക്കുകയാണ്. അദ്ദേഹം ലോകത്തിന് തന്നെ മാതൃകയാണ്.
പാലക്കാടിന്റ മണ്ണില്‍ നിന്ന് മറ്റൊരു സുപ്രധാനകാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് എല്‍ഡിഎഫും യുഡിഎഫും കേരളത്തിലെ സംസ്‌കാരത്തെ അവഹേളിച്ചത് സംബന്ധിച്ചാണ്. വിശ്വാസികള്‍ക്കെതിരെ നടത്തിയ ലാത്തിചാര്‍ജില്‍ ഇടതുപക്ഷം ലജ്ജിക്കണം. അവര്‍ക്കെതിരെ അക്രമം നടത്തുമ്പോള്‍ വാ പൊത്തി കൈയ്യും കെട്ടി നോക്കി നിന്നതില്‍ സര്‍ക്കാര്‍ ലജ്ജിക്കണം. ബിജെപി സംസ്ഥാന അധ്യക്ഷനെ പോലും അധിക്ഷേപിച്ചു. എന്തായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്? വിശ്വാസികള്‍ക്കൊപ്പം നിന്നു എന്നത് മാത്രം. നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ നിശബ്ദമാക്കാനാകില്ല. ഞങ്ങള്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കുമെന്ന് വിചാരിക്കരുത്.
മറ്റൊരു സുപ്രധാനകാര്യം അക്രമരാഷ്ട്രീയമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ വ്യാപകമായി സംഭവിക്കുന്നു. കാരണം കേരളത്തില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ മാടമ്പികളെപ്പോലെ പെരുമാറുന്നു. പാര്‍ട്ടി നേതാക്കള്‍ ലോക്കല്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. അവര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ആശീര്‍വാദം നല്‍കുന്നു. ബിജെപിയ്ക്ക് ഞങ്ങളുടെ ഒട്ടനവധി പാര്‍ട്ടി പ്രവര്‍ത്തകരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് അവസാനിപ്പിക്കുമെന്ന് ബിജെപി വാക്കുനല്‍കുന്നു.