ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തൊഴിലാളി വിരുദ്ധ ബില്ലുമായി നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നോട്ട്. തൊഴില്‍ സമരങ്ങള്‍ തടയുന്നതിനും തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍. 300 പേര്‍ വരെ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലുടമയ്ക്ക് ഇഷ്ടാനുസരണം ജീവനക്കാരെ പിരിച്ചുവിടാനും നിയമിക്കാനും സ്വാതന്ത്ര്യം നല്‍കുന്നതാണ് ശനിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍.
തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ കോഡ്, ആരോഗ്യം, തൊഴില്‍ സുരക്ഷാ സാഹചര്യം എന്നിവ സംബന്ധിച്ചവയുമാണ് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌കുമാര്‍ ഗാംഗ്‌വര്‍ അവതരിപ്പിച്ചത്. 60 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ തൊഴിലാളികള്‍ സമരം ചെയ്യാന്‍ പാടില്ലെന്ന് ബില്ലില്‍ പറയുന്നു. തൊഴില്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണലുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ സമരങ്ങള്‍ പാടില്ല. പകുതിയിലധികം പേര്‍ ലീവ് എടുത്താല്‍ അതും സമരമായാകും കണക്കാക്കുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
300 ല്‍ താഴെ ജീവനക്കാരുള്ള കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടുകയോ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയോ ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. കമ്പനി അടച്ചുപൂട്ടുന്നതിനും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിനും നിലവിലുള്ള ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണ് കേന്ദ്രം പുതിയ വ്യവസ്ഥകള്‍ അവതരിപ്പിക്കുന്നത്.