നന്ദകുമാര്‍ കളരിക്കലിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എം.ജി സര്‍വകലാശാല, വിദേശത്തായത് കൊണ്ടെന്ന് വിശദീകരണം

നന്ദകുമാര്‍ കളരിക്കലിനെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി എം.ജി സര്‍വകലാശാല, വിദേശത്തായത് കൊണ്ടെന്ന് വിശദീകരണം
Published on

എം.ജി സര്‍വകലാശാലയില്‍ ജാതി വിവേചന പരാതി ഉന്നയിച്ച് നിരാഹാര സമരമിരിക്കുന്ന ഗവേഷക വിദ്യാര്‍ത്ഥി പരാതി ഉന്നയിച്ച അധ്യാപകനെ മാറ്റി. നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി വകുപ്പ് മേധാവി നന്ദകുമാര്‍ കളരിക്കലിനെയാണ് മാറ്റിയത്.

ഉന്നതാധികാര സമിതി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതല വി.സി. സാബു തോമസ് ഏറ്റെടുത്തു. വിദേശത്തായതിനാലാണ് നന്ദകുമാറിനെ മാറ്റിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

എന്നാല്‍ നന്ദകുമാര്‍ കളരിക്കലിനെതിരെയുള്ള സര്‍വകലാശാലയുടെ നടപടി കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി. മോഹനന്‍ വ്യക്തമാക്കിയത്. നന്ദകുമാറിനെ വകുപ്പില്‍ നിന്നും പിരിച്ചുവിടണമെന്നാണ് തന്റെ ആവശ്യം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസിനെ സ്ഥാനത്ത് നിന്നും മാറ്റണമന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

നന്ദകുമാര്‍ കളരിക്കലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദീപ ഉന്നയിച്ചിരിക്കുന്നത്. നന്ദകുമാര്‍ പഠനസമാഗ്രികള്‍ തടഞ്ഞുവെച്ചും, ലാബില്‍ കയറ്റാന്‍ അനുവദിക്കാതെയും നന്ദകുമാര്‍ ഗവേഷണം ചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തിയെന്നും ജാതിയധിക്ഷേപം നടത്തിയെന്നും ദീപ ആരോപിക്കുന്നു.

ദീപയുടെ വിഷയത്തില്‍ ഹൈക്കോടതിയും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും നേരത്തെ ഇടപെട്ടിരുന്നു. ദീപയ്ക്ക് സര്‍വകലാശാലയില്‍ നിന്ന് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ ദീപയുടെ പ്രശ്നം പരിഹരിക്കണമെന്നും ഹൈക്കോടതിയും പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും വ്യക്തമാക്കിയിരുന്നു.

നന്ദകുമാര്‍ കളരിക്കലിനൊപ്പം ഇന്നത്തെ വൈസ് ചാന്‍സലര്‍ സാബു തോമസിനെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.

വിസി സാബു തോമസ്, നന്ദകുമാര്‍ കളരിക്കല്‍ നടത്തുന്ന ജാതി വിവേചനത്തെ പിന്തുണയ്ക്കുകയും തനിക്കെതിരായ ജാതി വിവേചനം തുടരുകയുമാണെന്നും ദീപ മുമ്പ് ദ ക്യുവിനോട് പറഞ്ഞിരുന്നു.

2015ല്‍ ഗൈഡുമാര്‍ ഇടപെട്ട് തീസിസ് വര്‍ക്കുകള്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയെങ്കിലും സെന്ററില്‍ അക്കാലത്തുണ്ടായിരുന്ന പ്രവീണ്‍ ഗോവിന്ദ് എന്ന സംഘപരിവാറുകാരനെ വിട്ട് തന്നെ ലാബില്‍ നിന്നും ഇറക്കിവിട്ടെന്നും ദീപ പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാലയ്ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടംഗ സിന്‍ഡിക്കേറ്റ് അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ഇതില്‍ നന്ദകുമാറും വി.സി സാബു തോമസും കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. നന്ദകുമാറിനെ തുടര്‍ന്നുള്ള നടപടിയെന്ന നിലയില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കുകയും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. നന്ദകുമാര്‍ കളരിക്കലിനെതിരെ എസ്.സി/ എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in