മാപ്പ് ചോദിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത തന്ന സോഴ്‌സിനെ കണ്ണടച്ച് വിശ്വസിച്ചുവെന്നാണ് പറഞ്ഞത്; നമ്പി നാരായണന്‍

മാപ്പ് ചോദിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത തന്ന സോഴ്‌സിനെ കണ്ണടച്ച് വിശ്വസിച്ചുവെന്നാണ് പറഞ്ഞത്; നമ്പി നാരായണന്‍
Published on

ഐസ്.ആര്‍.ഒ ചാരക്കേസില്‍ തന്റെ നിരപരാധിത്വം തെളിഞ്ഞതിന് ശേഷം നിരവധി മാധ്യമ പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്ന് നമ്പി നാരായണന്‍. മാപ്പ് ചോദിക്കാന്‍ വന്നവരുണ്ട്. അവരോട് ആരോപണങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍ അടിസ്ഥാനമായൊരു ചോദ്യമെങ്കിലും ഉന്നയിച്ചിരുന്നെങ്കില്‍ ചെറിയൊരു സംശയമെങ്കിലും നിങ്ങള്‍ക്ക് ഉണ്ടാകുമായിരുന്നില്ലേ എന്നാണ് താന്‍ തിരിച്ച് ചോദിച്ചതെന്നും നമ്പി നാരായണന്‍ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സോഴ്‌സില്‍ നിന്ന് ലഭിച്ച വാര്‍ത്ത അവര്‍ വിശ്വസിച്ചതില്‍ പ്രശ്‌നമില്ല. പക്ഷേ അവര്‍ക്ക് ചില ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നുവെന്നും നമ്പി നാരായണന്‍

നമ്പി നാരായണന്റെ വാക്കുകള്‍

മാധ്യമ പ്രവര്‍ത്തകരോട് ഇതെല്ലാം കഴിഞ്ഞ് ഞാന്‍ പിന്നീട് സംസാരിച്ചിരുന്നു. മാപ്പ് ചോദിക്കാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരുണ്ട്. അവര്‍ പറയുന്നത് സാറേ ഇത് ഞങ്ങള്‍ ഉണ്ടാക്കി എഴുതിയതല്ല, ഞങ്ങള്‍ക്ക് ആളുകള്‍ പറഞ്ഞ് തന്നതാണ് എന്നാണ്. വാര്‍ത്ത എത്തിച്ചു തന്നെ ആളുകളെ പൂര്‍ണമായും വിശ്വസിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്ത നല്‍കിയ ആളുകളുടെ വിശ്വാസ്യത വലുതായിരുന്നു അതുകൊണ്ട് അവരെ വിശ്വസിക്കാതിരിക്കാന്‍ കാരണമില്ലായിരുന്നു.

അതുകൊണ്ട് അവരെ വിശ്വസിച്ച് കണ്ണടച്ച് അവര്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ എഴുതി. അപ്പോള്‍ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിങ്ങള്‍ വിശ്വസിച്ചതില്‍ തെറ്റില്ല, പക്ഷേ അടിസ്ഥാനപരമായുള്ള ചില ചോദ്യങ്ങളുണ്ടല്ലോ, അതെങ്കിലും നിങ്ങള്‍ ചോദിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസില്‍ ഒരു സംശയം വരില്ലേ എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞത്, അത് ഇപ്പോഴാണ് മനസിലാക്കുന്നത് എന്നാണ്. ഒന്നോ രണ്ടോ സോഴ്‌സില്‍ നിന്ന് അവര്‍ക്ക് കിട്ടിയിട്ടുള്ള വാര്‍ത്തകളാണ് ഇത്.

ഇതില്‍ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് സോഴ്‌സില്‍ നിന്ന് അവര്‍ക്ക് വാര്‍ത്തകള്‍ കിട്ടി, രണ്ട് അവര്‍ കുറേ മസാല ചേര്‍ത്ത് അത് അവതരിപ്പിച്ചു. ഡോക്യുമെന്റ്‌സ് ഒക്കെ മീന്‍കുട്ടയില്‍ ഇട്ടിട്ടാണ് കൈമാറിയത് എന്നൊക്കെയാണ് ഭാവന ചേര്‍ത്ത് എഴുതിയത്.

Related Stories

No stories found.
logo
The Cue
www.thecue.in