കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് കേസെന്ന് വരുത്തിതീര്‍ക്കുന്നത് സിപിഎമ്മും ബിജെപിയുമെന്ന് സംസ്ഥാന യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ആര്‍ക്കാണ് ഈ കേസില്‍ ഖുര്‍ആന്‍ കക്ഷിയാകണമെന്ന് നിര്‍ബന്ധമുള്ളതെന്ന് കോടിയേരിയുടെ ദേശാഭിമാനി ലേഖനവും കൈരളി ചാനലിന്റെ ബ്രേക്കിംഗ് ന്യൂസും വ്യക്തമാക്കുന്നുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നജീബ് കാന്തപുരം പറയുന്നു.
'സിപിഎം ഈ വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിട്ട ബിജെപിക്ക് വിസിബിലിറ്റി ഉണ്ടാക്കുകയാണ്. അവര്‍ തമ്മില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളുടെ അനന്തര ഫലമാണ് കോടിയേരിയുടെ ലേഖനവും ചാനല്‍ ചര്‍ച്ചകളിലെ ബിജെപി നേതാക്കളുടെ ഖുര്‍ആന്‍ പരാമര്‍ശവും. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ച് വിരിച്ച് നേരിടാനും സിപിഎമ്മിന് ആത്മ വിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യ പത്രമാണ് ദേശാഭിമാനി ലേഖനം. മുസ്ലിംകള്‍ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് സ്വയം ധരിക്കരുത്', നജീബ് കാന്തപുരം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആര്‍ക്കാണ് ഈ കേസില്‍ ഖുര്‍ആന്‍ കക്ഷിയാകണമെന്ന് നിര്‍ബന്ധമുള്ളതെന്ന് കോടിയേരിയുടെ ദേശാഭിമാനി ലേഖനവും കൈരളി ചാനലിന്റെ ബ്രേക്കിങ് ന്യൂസും വ്യക്തമാക്കുന്നു. കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ടാണ് ഈ കേസ് എന്നു വരുത്തി തീര്‍ക്കുന്നത് രണ്ട് പാര്‍ട്ടികളാണ്. ഒന്ന് ബിജെപി, രണ്ട് സിപിഎം രണ്ട് പേരും നടത്തുന്ന ഒത്തുകളി ബുദ്ധിയുള്ള ആര്‍ക്കാണ് വ്യക്തമാകാത്തത്?
പ്രമാദമായ സ്വര്‍ണ്ണക്കടത്ത് കേസും അതിന്റെ പിന്നാമ്പുറങ്ങളും അതിനെ സംരക്ഷിക്കുന്ന ഭരണ സംവിധാനങ്ങളെയും തുറന്ന് കാട്ടാനാണ് യു.ഡി.എഫ് സമരം. അതില്‍ എന്തിനാണ് സിപിഎമ്മും ബിജെപി യും ഖുര്‍ആനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത്?
ഖുര്‍ആന്‍ വിതരണമോ ഖുര്‍ആനോ അല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. സ്വര്‍ണ്ണക്കടത്ത് മാത്രമാണ്. ഇതില്‍ ആരോപണ വിധേയരായവരെല്ലാം അന്വേഷണ പരിധിയില്‍ വരണം. അത് കെ.ടി ജലീലായാലും അനില്‍ നമ്പ്യാരായാലും. ആ പാക്കേജില്‍ ഖുര്‍ആന്‍ അല്ല, എന്‍സൈക്‌ളോപീയ ആണെന്നിരിക്കട്ടെ. ജലീല്‍ കുറ്റവിമുക്തനാവുമോ?
ഇവിടെ സിപിഎം ഈ വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിട്ട് ബിജെപിക്ക് വിസിബിലിറ്റി ഉണ്ടാക്കുകയാണ്. അവര്‍ തമ്മില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളുടെ അനന്തര ഫലമാണ് കോടിയേരിയുടെ ലേഖനവും ചാനല്‍ ചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ ഖുര്‍ആന്‍ പരാമര്‍ശവും. രണ്ട് പേരും സ്വപ്നം കാണുന്നത് ഒരേ കാര്യമാണ്. യുഡിഎഫ് മുക്ത കേരളം.
മറ്റൊരു കാര്യം, സിപിഎം ഇപ്പോഴും കേരളത്തിലെ മുസ്ലിംകളെ മനസിലാക്കിയിട്ടില്ലെന്നതാണ്. സ്വര്‍ണക്കടത്തിനെ വഴി തിരിച്ചു വിടാനും മന്ത്രി പുത്രന്മാരും പാര്‍ട്ടിയും കക്ഷിയായ ഈ കേസിനെ അട്ടിമറിക്കാനും അവരൊരുക്കുന്ന കെണിയില്‍ മുസ്ലിം സമുദായം വീഴുമെന്നത് കോടിയേരിയുടെ ദിവാ സ്വപ്നം മാത്രമാണ്. സ്വന്തം മക്കള്‍ പ്രതിചേര്‍ക്കപ്പെടുമ്പോള്‍ ഒരു പിതാവിനുണ്ടാകുന്ന സ്ഥല ജല വിഭ്രാന്തി സ്വാഭാവികമായും മനസ്സിലാക്കാം. അതിന് ദയവായി ഖുര്‍ആനെ മറയാക്കരുത്.
പച്ചക്ക് വൈകാരികത പറഞ്ഞ് ഈ കള്ളക്കടത്ത് കേസ് വഴിതിരിച്ച് വിടാമെന്ന് വ്യാമോഹിക്കരുത്. മുസ്ലിങ്ങള്‍ ബുദ്ധിഹീനരായ വികാര ജീവികളാണെന്ന് സ്വയം ധരിക്കരുത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാനും അന്വേഷണത്തെ നെഞ്ച് വിരിച്ച് നേരിടാനും സിപിഎമ്മിന് ആത്മ വിശ്വാസമില്ലെന്നതിനുള്ള സാക്ഷ്യ പത്രമാണ് കോടിയേരിയുടെ ഇന്നത്തെ ദേശാഭിമാനി ലേഖനം. ആര്‍എസ്എസിന് നിങ്ങള്‍ ചെയ്ത് കൊടുക്കുന്ന ഈ വിടുപണി തിരിച്ചറിയാന്‍ മാത്രമുള്ള ബുദ്ധി വികാസമെങ്കിലും കേരളത്തിലെ മുസ്ലിങ്ങള്‍ക്കുണ്ടെന്ന് ദയവായി സഖാവ് തിരിച്ചറിയണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം