'രാഷ്ട്രത്തിന്റെ പിതാവാക്കിയത് പാക്കിസ്താന് വേണ്ടി ജീവിച്ചയാളെ,മഹാത്മാഗാന്ധി വര്‍ഗീയവാദി'; അധിക്ഷേപ പരാമര്‍ശവുമായി എന്‍.ഗോപാലകൃഷ്ണന്‍

'രാഷ്ട്രത്തിന്റെ പിതാവാക്കിയത് പാക്കിസ്താന് വേണ്ടി ജീവിച്ചയാളെ,മഹാത്മാഗാന്ധി വര്‍ഗീയവാദി'; അധിക്ഷേപ പരാമര്‍ശവുമായി എന്‍.ഗോപാലകൃഷ്ണന്‍
Published on

മഹാത്മാഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എന്‍.ഗോപാലകൃഷ്ണന്‍. ഗാന്ധി വധത്തെ ന്യായീകരിച്ചും, മഹാത്മാഗാന്ധിയെ വര്‍ഗീയവാദിയെന്നും വിശേഷിപ്പിക്കുന്ന ഗോപാലകൃഷ്ണന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

നാടിന് വേണ്ടി പ്രവര്‍ത്തിച്ചവരെ കരിവാരിത്തേച്ച് കാണിച്ചതില്‍ ഒന്നാമന്‍ മഹാത്മാഗാന്ധിയാണെന്നും പാക്കിസ്താന് വേണ്ടി മാത്രം ജീവിച്ച മനുഷ്യനാണ് മഹാത്മാഗാന്ധിയെന്നും വീഡിയോയില്‍ എന്‍.ഗോപാലകൃഷ്ണന്‍ അധിക്ഷേപിക്കുന്നുണ്ട്.

'നാഥുറാം വിനായക് ഗോഡ്സേയുടെ ഹൃദയസ്പര്‍ശിയായ ഈ വരികള്‍ വായിച്ചിട്ട് നമ്മളൊക്കെ വര്‍ഗീയവാദികളും ചാണകസംഘികളും ആര്‍.എസ്.എസുകാരും എല്ലാം ആയിത്തീര്‍ന്നാലും, ഒരു കാര്യം ഉറപ്പ്: പച്ചസത്യം, മഹാത്മാഗാന്ധി എന്ന വര്‍ഗീയവാദിയെക്കുറിച്ച് ലോകം അറിയണം. നെഹ്റുവിനെക്കുറിച്ച് ലോകം അറിയണം. ഈ നാടിനു വേണ്ടി പ്രവര്‍ത്തിച്ചവരെ കരിവാരിത്തേച്ചു കാണിച്ചതില്‍ ഒന്നാമന്‍ മഹാത്മാഗാന്ധിയാണ്. പാക്കിസ്ഥാനു വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനെ നമ്മള്‍ രാഷ്ട്രത്തിന്റെ പിതാവാക്കി മാറ്റി. അല്ല, നമ്മുടെ തലയില്‍ കെട്ടിവെച്ചു. ഇത് വായിക്കാന്‍ എനിക്കൊരു പുണ്യം കിട്ടി', എന്നിങ്ങനെയാണ് വീഡിയോയില്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്.

എന്‍.ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ഏറെ കാലമായി കേരളത്തില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ തന്റെ വിഷനാവ് ചലിപ്പിക്കുന്നയാളാണ് ഗോപാലകൃഷ്ണനെന്നും, മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുകയും, ഗാന്ധിവധത്തെ ന്യായീകരിക്കുകയും, ഘാതകന്‍ ഗോഡ്‌സെയെ പുകഴ്ത്തുകയും ചെയ്യുന്ന എന്‍.ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

'ശാസ്ത്രജ്ഞന്‍', 'ഹിന്ദുമത പണ്ഡിതന്‍', 'ആത്മീയ പ്രഭാഷകന്‍' എന്നിങ്ങനെ പലവിധ കപടവേഷങ്ങള്‍ കെട്ടിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ നടപ്പ്. പക്ഷേ കേരളീയര്‍ ഈ മനുഷ്യനെ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ട് വലിയ അപകടമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ എന്തിന് ഗാന്ധിയെ കൊന്നു?' എന്നതിനുള്ള ഗോഡ്സേയുടെ വിശദീകരണം വായിക്കുന്നത് ഒരു പുണ്യപ്രവര്‍ത്തിയാണെന്ന് ടിയാന്‍ പറയുന്നു. മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാര്‍ ഗൂഡാലോചനയുടെ ഭാഗമാണത്. ഇന്ത്യ ഒരു രാഷ്ട്രമായി നില്‍ക്കുന്നതിന് ആവശ്യമായ മൂല്യങ്ങള്‍ സംഭാവന ചെയ്തത് ദേശീയ സമരപ്രസ്ഥാനമാണ്. ഇന്ത്യക്കാരന് അത് ചരിത്രം മാത്രമല്ല. അസ്തിത്വത്തിന്റെ അടിവേരാണ്. അത് തകര്‍ക്കാന്‍ അനുവദിക്കരുത്', അശോകന്‍ ചരുവില്‍ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in