മാനനഷ്ടക്കേസിന് പോകുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും എഡിറ്ററുമായ എം.വി.നികേഷ് കുമാര്‍. സുധാകരന്റെ ആരോപണങ്ങളില്‍ നോട്ടീസ് ലഭിക്കുമ്പോള്‍ പ്രതികരിക്കാമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്രയാക്കിയ മാധ്യമമാണ് റിപ്പോര്‍ട്ടര്‍ ചാനലെന്നും, സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചാണ് പ്രവര്‍ത്തനമെന്നുമായിരുന്നു കെ.സുധാകരന്റെ ആരോപണം. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയച്ചു. അപകീര്‍ത്തികരമായ വാര്‍ത്തയുടെ പേരില്‍ ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. പലരും നിര്‍ബന്ധിച്ചിട്ടും ഇതുവരെ നിയമനടപടികള്‍ക്ക് മുതിരാതിരുന്നത് എം.വി.രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓര്‍ത്താണെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
എം.വി.നികേഷ് കുമാറിന്റെ മറുപടി:
'മാനനഷ്ട കേസിന് പോകുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. രണ്ട് കാരണങ്ങള്‍ ആണ് കുറിപ്പില്‍ സുധാകരന്‍ വിശദീകരിക്കുന്നത്.
ഒന്ന് : മോന്‍സന്‍ മാവുങ്കലുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചതിന്. ഇക്കാര്യത്തില്‍ സുധാകരന്റെ നോട്ടീസ് കിട്ടട്ടെ. മറുപടി അപ്പോള്‍ നല്‍കാം . വിശദമായി പറയാനുള്ള കാര്യം അതിലുണ്ട്. മറുപടി എല്ലാ കാര്യങ്ങളും പറയാനുള്ള അവസരവുമാകും.
രണ്ട് : ടോണി ചമ്മണി ഒളിവില്‍ എന്ന 'വ്യാജ വാര്‍ത്ത' നല്‍കിയതിന്. ഈ വാര്‍ത്ത നല്‍കിയത് വി എസ് ഹൈദരലി എന്ന കൊച്ചി റിപ്പോര്‍ട്ടറാണ്. ഇക്കാര്യം പോലീസിനോട് അന്വേഷിച്ച് സ്ഥിരീകരിച്ചു എന്നാണ് ഹൈദരലി നല്‍കുന്ന വിശദീകരണം. പ്രതികളെ തിരയുന്ന കാര്യത്തില്‍ പോലീസ് അല്ലേ സോഴ്‌സ്. സി ഐയുമായി ഹൈദരലി സംസാരിച്ചത് ടി വിയില്‍ ഞങ്ങള്‍ കാണിക്കുന്നുണ്ട്.
ഇനി എം വി രാഘവനോടുള്ള അങ്ങയുടെ സ്‌നേഹത്തിന്റെ കാര്യം. ഒരിക്കല്‍ ടി വിയിലും താങ്കള്‍ ഇത് പറഞ്ഞു. ' ഞാന്‍ ആണ് എം വി രാഘവനെ സംരക്ഷിച്ചത് ' എന്ന്. എന്നോടാണ് ഇത് പറഞ്ഞത് എന്ന ബോധ്യം താങ്കള്‍ക്ക് ഉണ്ടായിരുന്നോ?
അന്നുണ്ടായ അതിശയം ഇപ്പോഴും മാറിയിട്ടില്ല.
തൊണ്ണൂറുകളിലേക്ക് നമുക്കൊന്ന് തിരിച്ചു പോകാന്‍ അവസരം ഉണ്ടോ ? ആര് ആരെ സംരക്ഷിച്ചു എന്ന വിഷയത്തില്‍ ഒരു തുറന്ന സംവാദം ആയാലോ ? സ്ഥലവും തീയതിയും അങ്ങയുടെ സൗകര്യം. മറുപടി പ്രതീക്ഷിക്കുന്നു.'