നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന് അനുകൂലമായി സംസാരിച്ച ആര്‍ ശ്രീലേഖ ഐപിഎസിനെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.
യുട്യൂബ് ചാനലിലൂടെ നടത്തിയ പരാമര്‍ശങ്ങളില്‍ ഒരു തത്സമയ അഭമുഖത്തിന് തയ്യാറാണോ എന്നാണ് നികേഷ് കുമാര്‍ ചോദിച്ചത്.
'ശ്രീലേഖ യൂട്യൂബ് വെളിപ്പെടുത്തല്‍ ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നിങ്ങള്‍ പറയുന്ന സ്ഥലം, സമയം തീയതി. പറയുന്നത് മുഴുവന്‍ തത്സമയം സംപ്രേഷണം ചെയ്യും. ടിവിയിലും സോഷ്യല്‍ മീഡിയയിലും,' എം.വി നികേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശ്രീലേഖ ഐ.പി.എസ് രംഗത്തെത്തിയത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു.
ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖയുടെ അവകാശ വാദം. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.
എന്നാല്‍ ശ്രീലേഖയുടെ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ശ്രീലേഖയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുണ്ട്.