സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ ചുമതലയേല്‍ക്കും. കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം.വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ സി.പി.ഐ.എം സംസ്ഥാന സമിതിയുടെ തീരുമാനം.
നിലവില്‍ തദ്ദേശസ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രിയാണ് എം.വി ഗോവിന്ദന്‍. പാര്‍ട്ടി സെക്രട്ടറി പദവി ഏറ്റെടുക്കുന്നതോടെ മന്ത്രി സഭയിലും അഴിച്ചുപണി നടക്കും. നിലവില്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദന്‍.
സി.പി.ഐ.എം ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പിലാണ് എംവി ഗോവിന്ദന്‍ സെക്രട്ടറിയാകുന്ന വിവരം അറിയിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എം.വി ഗോവിന്ദനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു എന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, എം.എ ബേബി, എ വിജയരാഘവന്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സ്ഥാനമൊഴിഞ്ഞ കൊടിയേരിയെ തുടര്‍ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റും. അവധിയെടുക്കാമെന്ന് നേതൃത്വം നിര്‍ദേശിച്ചെങ്കിലും ഒഴിയുകയാണെന്ന് കോടിയേരി അറിയിച്ചിതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം ചര്‍ച്ച ചെയ്തത്.
യോഗത്തിന് ശേഷം മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി. കോടിയേരിയുടെ ഫ്ളാറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
2015ലാണ് കോടിയേരി ആദ്യമായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. അതിന് ശേഷം രണ്ട് തവണ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
ചികിത്സയുടെ ഭാഗമായും, ബിനീഷ് കോടിയേരിയ്ക്കെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലും കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്കാലിക അവധിയെടുത്തിരുന്നു. കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.