കണ്ണൂര്‍ സ്വദേശി മാനസയുടേത് ഉത്തരേന്ത്യന്‍ മോഡല്‍ കൊലപാതകമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. മാനസയെ കൊല്ലാനായി തോക്ക് സംഘടിപ്പിക്കാന്‍ രാഖില്‍ ഉത്തരേന്ത്യയിലേക്ക് പോയതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ നാറാത്തെ വീട്ടില്‍ മാനസയുടെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ദിവസങ്ങള്‍ക്ക് മുമ്പ് രാഖില്‍ സുഹൃത്തിനൊപ്പം ബിഹാറില്‍ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറല്‍ എസ്.പി പറഞ്ഞത്. രാഖിലിന് പരിചയമുള്ള ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം ഇന്ന് ബിഹാറിലേക്ക് തിരിക്കും. മാനസയെ കൊല്ലാന്‍ തോക്ക് സംഘടിപ്പിച്ചത് ബിഹാറില്‍ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഒന്നരമാസത്തെ ഹൗസ് സര്‍ജന്‍സി കൂടി പൂര്‍ത്തിയാക്കി ഡോക്ടറാകാനിരിക്കെയാണ് മാനസയുടെ അരുംകൊലയെന്ന് വല്യച്ഛന്‍ മാധ്യമങ്ങളോട്. കണ്ണൂരില്‍ വീടിന്റെ സമീപത്ത് രാഖില്‍ മാനസയെ പലകുറി ശല്യം ചെയ്തിരുന്നതായി അച്ഛനമ്മമാരെ അറിയിച്ചിരുന്നു. പിന്നീട് പോലീസിലും അറിയിച്ചിരുന്നു.
എറണാകുളം റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാനസയുടെ കൊലപാതകക്കേസ് അന്വേഷിക്കുന്നത്. കൊലയ്ക്ക് മുമ്പ് രാഖില്‍ എട്ടുദിവസത്തോളം കേരളത്തിനു പുറത്തായിരുന്നുവെന്നും പൊലിസീന് വിവരം ലഭിച്ചിരുന്നു. രാഖിലിന്റെ സമീപകാല യാത്രകളും ഫോണ്‍രേഖകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.