രണ്ട് വര്‍ഗീയ ശക്തികള്‍ ഏറ്റുമുട്ടിയാല്‍ അതില്‍ ജയിച്ചവരും തോറ്റവരും ഉണ്ടാകില്ലെന്നും വര്‍ഗീയത ശക്തിപ്പെടുമെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവും എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമും തമ്മില്‍ ഏറ്റുമുട്ടിയാല്‍ മാക്‌സിസ്റ്റുകാര്‍ക്കെന്താ കുഴപ്പം എന്ന് കരുതരുത്. വര്‍ഗ ശത്രുക്കള്‍ തമ്മില്‍ ഏറ്റുമുട്ടട്ടെ, എന്ന നിലപാട് സ്വീകരിച്ചാല്‍ രണ്ട് വര്‍ഗീയ ശക്തികളും ശക്തിപ്പെടുകയാണ് ചെയ്യുക. മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തി, പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയമായ ധാരണകള്‍ നല്‍കി പാര്‍ട്ടിയെയും ജനങ്ങളെയും മാറ്റുന്നില്ല എങ്കില്‍ വലിയ അപകടമുണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
'മതനിരപേക്ഷതയെ അടിസ്ഥാനപ്പെടുത്തി, ശാസ്ത്രീയമായി ഓരോ മണിക്കൂറിലും നവീകരിച്ച് സാമൂഹ്യ ജീവിതത്തെ ശാസ്ത്ര വത്കരിച്ച് പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയമായ ധാരണകള്‍ നല്‍കി പാര്‍ട്ടിയെയും ജനങ്ങളെയും മാറ്റുന്നില്ല എങ്കില്‍ വലിയ അപകടമുണ്ടാകുന്ന സംസ്ഥാനമായി കേരളം മാറും. രണ്ട് വര്‍ഗീയതയും പരസ്പരം ശക്തിപ്പെടുത്തുന്നവയാണ്. ആ ധാരണ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഉണ്ടാവണം. വര്‍ഗീയ ശക്തികള്‍ തമ്മില്‍ അടിച്ചാല്‍ തോറ്റവരുമുണ്ടാവില്ല, ജയിച്ചവരും ഉണ്ടാകില്ല. പരസ്പരം ശക്തിപ്പെടുന്നവരാണ് ഉണ്ടാവുക.
ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമും തമ്മില്‍ ഏറ്റുമുട്ടിയാല്‍ നമുക്കെന്താ കുഴപ്പം, നമ്മള്‍ മാക്‌സിസ്റ്റുകാരല്ലേ, അതുകൊണ്ട് വര്‍ഗ ശത്രുക്കള്‍ തമ്മില്‍ ഏറ്റുമുട്ടട്ടെ എന്ന നിലപാട് സ്വീകരിച്ചാല്‍ രണ്ട് വര്‍ഗീയ ശക്തികളും ശക്തിപ്പെടുകയാണ് ചെയ്യുക,' എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.