‘സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണം’; ഉത്തരവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
ജനുവരി 26 റിപ്പബ്ലിക് ദിനം മുതല്‍ സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും വിദ്യാര്‍ത്ഥികളിലെത്തിക്കുക ലക്ഷ്യമിട്ടാണ് നടപടി. വിദ്യാര്‍ത്ഥികള്‍ ഭരണഘടനാ അവബോധം വളര്‍ത്താന്‍ ഇത് ഉതകുമെന്ന് വിദ്യാഭ്യാസമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വര്‍ഷ ഗെയ്ക്ക്‌വാദ് വ്യക്തമാക്കി.
നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്ന് രാജ്യത്തിന്റെ നാനാ കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നതിനിടെയാണ് നിര്‍ണായക നീക്കം. പൗരത്വ നിയമം മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ മൂന്നാം കക്ഷിയായ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
അതേസമയം സ്‌കൂള്‍ അസംബ്ലിയില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്ന വിഷയത്തില്‍ മഹാരാഷ്ട്ര മഹാ വികാസ് അഘാഡി സര്‍ക്കാരിനെ നയിക്കുന്ന ശിവസേന പ്രതികരിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ 2013 ല്‍ ഇത് നടപ്പാക്കിയതാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക്‌വാദ് വിശദീകരിച്ചു.