ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റ് പ്രവണത; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ലീഗ് നേതൃത്വത്തില്‍ മുസ്ലീം സംഘടനകളുടെ യോഗം

ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കുന്നത് ഫാസിസ്റ്റ് പ്രവണത; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ലീഗ് നേതൃത്വത്തില്‍ മുസ്ലീം സംഘടനകളുടെ യോഗം
Published on

വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം മത സംഘടനാ നേതാക്കള്‍. മുസ്ലിം ലീഗ് കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തിന് ശേഷമുള്ള പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

കേരളീയ സമൂഹം കുടുംബ ഘടനയ്ക്കും ധാര്‍മിക മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്നവരാണ്. കേരളത്തില്‍ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്യം നല്‍കുന്നതാണ് ജനാധിപത്യം. മതവിശ്വാസികള്‍ക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ലിബറല്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്നും കോഴിക്കോട്ട് ചേര്‍ന്ന മുസ്ലീം സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റി പറഞ്ഞു.

'ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് വേണ്ടതെന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപക്കാന്‍ ഉദ്ദേശിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങളെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഇത് കേവലം വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുപക്ഷ സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം സര്‍ക്കാര്‍ കലാലയങ്ങളില്‍ ലിബറല്‍ വാദങ്ങളെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം,' കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കേരള മുസ്ലീം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളും യോഗത്തിന് നേതൃത്വം നല്‍കിയത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ്.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി, എം. കെ മുനീര്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുകയാണെന്നും ഇത് നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ സാമൂഹിക സാംസ്‌കാരിക സ്ഥിതി പരിശോധിക്കണം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

എം.എസ്.എഫ് വേദിയില്‍ ലിംഗസമത്വത്തനെതിരെയും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെയും എം.കെ മുനീര്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെയാണ് ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്നും മുനീര്‍ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in