റിപ്പബ്ലിക് ദിനത്തില്‍ മുസ്ലിം പള്ളികളില്‍ ദേശീയ പതാകയുയര്‍ത്തും, ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയ്ക്ക് ലത്തീന്‍ പള്ളികളും
വഖഫിന് കീഴിലുള്ള എല്ലാ മുസ്ലിം പള്ളികളിലും റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഭരണഘടനയുടെ ആമുഖം വായിക്കണം. കൂടാതെ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും വഖഫ് ബോര്‍ഡ് നിര്‍ദേശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോര്‍ഡ്. സര്‍ക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും പതാക ഉയര്‍ത്താറുണ്ടെങ്കിലും അരാധനാലയങ്ങളില്‍ പതിവില്ല. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം ലത്തീന്‍ സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ ജനുവരി 26 ന് ഭരണഘടനയുടെ ആമുഖം വായിക്കാന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനാണ് സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന ഇടയലേഖനവും വായിക്കും. പൗരത്വ നിയമത്തിനെതിരെ എല്‍ഡിഎഫിന്റെ മനുഷ്യശൃംഖലയും നാളെയാണ്. വിവിധ കേന്ദ്രങ്ങളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമെടുക്കും.