ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി, മുഈനലിയെ തുണച്ച് പാണക്കാട് കുടുംബം; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി

ഒറ്റപ്പെട്ട് കുഞ്ഞാലിക്കുട്ടി, മുഈനലിയെ തുണച്ച് പാണക്കാട് കുടുംബം; മുസ്ലീം ലീഗില്‍ പൊട്ടിത്തെറി
Published on

ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈനലിയുടെ വാര്‍ത്താസമ്മേളനത്തിന്റെ പ്രകമ്പനം ലീഗ് നേതൃയോഗത്തിലും. നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. തനിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

എന്നാല്‍ പിഎംഎ സലാം ഒഴികെ ആരും കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചില്ല. പാര്‍ട്ടിക്ക് താന്‍ നല്‍കിയ സംഭാവന വൈകാരികമായി കുഞ്ഞാലിക്കുട്ടി വിശദീകരിച്ചെങ്കിലും യോഗത്തില്‍ പിന്തുണ ലഭിച്ചില്ല. മുഈനലി തങ്ങളെ പുറത്താക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം.

മുഈനലിയുടെ വാര്‍ത്താ സമ്മേളത്തില്‍ അതിക്രമിച്ചെത്തി അസഭ്യം പറഞ്ഞ റാഫി പുതിയകടവിലിനെതിരെ നടപടി പാടില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യവും നേതൃയോഗം നിരസിച്ചു. റാഫി പുതിയ കടവിലിനെയും പാണക്കാട് കുടുംബാംഗത്തെയും ഒരേ നിലയില്‍ കാണാനാകില്ലെന്നാണ് മറ്റ് നേതാക്കളുടെ നിലപാട്. മുഈനലിയുടെ പ്രസ്താവന പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് യോജിച്ചതല്ലെങ്കിലും നടപടി പാടില്ലെന്ന നിലപാടിലാണ് സാദിഖലി തങ്ങളും റഷീദലി തങ്ങളും മുനവറലി തങ്ങളും.

മുഈനലിയെ പിന്തുണച്ച് കെ.എം ഷാജിയും രംഗത്തെത്തി. വിമര്‍ശനങ്ങളും എതിരഭിപ്രായങ്ങളും ജനാധിപത്യത്തിന്റെ ഭാഗമെന്നാണ് കെ.എം ഷാജി ഫേസ്ബുക്കില്‍ കുറിച്ചത്.

മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടാണ് പാണക്കാട് കുടുംബത്തിന്. ഇന്നലത്തെ നേതൃയോഗത്തില്‍ മുഈനലിക്കെതിരായ നടപടി തീരുമാനിക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in