ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് വേദിയില്‍; വിവാദത്തിന് പിന്നാലെ വിശദീകരണം

ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ ആര്‍.എസ്.എസ് വേദിയില്‍; വിവാദത്തിന് പിന്നാലെ വിശദീകരണം
Published on

കോഴിക്കോട് ആര്‍.എസ്.എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദര്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മുസ്ലീം ലീഗ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയത്.

സാംസ്‌കാരിക പരിപാടി എന്ന നിലയിലാണ് താന്‍ പങ്കെടുത്തത് എന്നും എല്ലാ മതസ്ഥരുടെയും പരിപാടിക്ക് പോകുന്നതില്‍ തെറ്റില്ലെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിശദീകരണം.

തന്റെ മതത്തില്‍ വിശ്വസിക്കുമ്പോള്‍ അതില്‍ നിന്നുകൊണ്ട് മറ്റു മതങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തുക എന്നതാണ് തന്റെ നയം. ആര്‍.എസ്.എസിന്റെ പരിപാടി എന്ന നിലയ്ക്കല്ല അതില്‍ പങ്കെടുത്തത്. പാര്‍ട്ടിക്കുള്ള സമീപനം തന്നെയാണ് തനിക്ക് ആര്‍.എസ്.എസിനോടും ഉള്ളതെന്നും കെ എന്‍എ ഖാദര്‍ പറഞ്ഞു.

കേസരി മന്ദിരത്തില്‍ സ്‌നേഹബോധി ഉദ്ഘാടനത്തിലും സാംസ്‌കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെ.എന്‍.എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ. നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. ഇതിന് പിന്നാലെയാണ് കെ .എന്‍.എ ഖാദറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറണമെന്ന ആഗ്രഹം ഇല്ല. അങ്ങനെ ഒരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും കെ.എന്‍.എ ഖാദര്‍ വിശദീകരിച്ചു.

കെ.എന്‍.എ ഖാദറിന്റെ വിശദീകരണം

ഇതൊരു സാംസ്‌കാരിക പരിപാടിയായിട്ടാണ് ഞാന്‍ മനസിലാക്കിയത്. സ്‌നേഹബോധി എന്ന് പറഞ്ഞ് ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ശ്രീബുദ്ധന്റെ ഒരു പ്രതിമ വെച്ച് സിനിമാ താരം രണ്‍ജി പണിക്കര്‍ അത് ഉദ്ഘാടനം ചെയ്തു. അതിനോടനുബന്ധിച്ച സമ്മേളനത്തില്‍ ഒരു ആശംസാ പ്രസംഗത്തിനാണ് ഞാന്‍ പോയത്. സാംസ്‌കാരിക പരിപാടികള്‍ക്ക് ഞങ്ങള്‍ പോകാറുണ്ട്.

മുസ്ലിം ലീഗ് കേരളത്തിലുടനീളം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എല്ലാ മതസ്ഥരെയും വിളിച്ച് കൂട്ടി ഒരു സൗഹാര്‍ദ്ദ സംഗമം ഒക്കെ നടത്തിയിരുന്നു. ഞങ്ങള്‍ വിളിക്കുന്ന പരിപാടിക്ക് എല്ലാ മതസ്ഥരും വരാറുണ്ട്. അതുപോലെ ഞാന്‍ സര്‍വ മതങ്ങളെ കുറിച്ചും പറയുന്ന ഒരാളായതുകൊണ്ട് ഹിന്ദു മതത്തെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചു ബുദ്ധമതത്തെക്കുറിച്ചും എന്റെ അറിവനുസരിച്ച് ഞാന്‍ പറയുന്നതുകൊണ്ട് അങ്ങനെ എല്ലാ മതസ്ഥരും എന്നെ പല പരിപാടിക്കും ക്ഷണിക്കാറുണ്ട്. ഇവിടെ ഒരു ഭ്രഷ്ടിന്റെ കാര്യമില്ല. അതൊരു സാംസ്‌കാരിക പരിപാടിയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഒഎന്‍വി കവിതയാണ് ചൊല്ലിയത്. പരിസ്ഥിതിയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറണമെന്ന ആഗ്രഹം ഇല്ല. അങ്ങനെ ഒരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ഞാന്‍ എന്റെ മതത്തില്‍ വിശ്വസിക്കുമ്പോള്‍ അതില്‍ നിന്നുകൊണ്ട് മറ്റു മതങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തുക എന്നതാണ് എന്റെ നയം. ആര്‍.എസ്.എസിന്റെ പരിപാടി എന്ന നിലയ്ക്കല്ല അതില്‍ പങ്കെടുത്തത്. പാര്‍ട്ടിക്കുള്ള സമീപനം തന്നെയാണ് എനിക്ക് ആര്‍.എസ്.എസിനോടും.

Related Stories

No stories found.
logo
The Cue
www.thecue.in