മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായി നടന്ന പ്രകടനത്തിലായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ അധിക്ഷേപം.
ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാല്‍ പച്ചയ്ക്ക് കത്തിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ പ്രകടനത്തില്‍ ഉയര്‍ത്തിയത്. മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെയും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയും പരിപാടിയില്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
വഖഫ് നിയമം പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചത്. വിഷയത്തില്‍ സമുദായം ഒറ്റക്കെട്ടാണെന്നും ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നുമാണ് ലീഗ് ഉന്നതാധികാര സമിതിയ അംഗം സാദിഖലി തങ്ങള്‍ പറഞ്ഞത്.
ന്യൂനപക്ഷ അവകാശങ്ങളില്‍ തൊട്ടുകളിക്കേണ്ടെന്ന മുന്നറിയിപ്പാണ് വഖഫ് റാലിയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കഴിഞ്ഞ മാസം ഒന്‍പതിനാണ് വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് ശ്രദ്ധേയമായിരുന്നു.
മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് പറഞ്ഞതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു.