ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കിയെന്ന കാരണത്താല്‍ എം.എസ്.ഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട താങ്കളെ തിരിച്ചെടുക്കാന്‍ വയനാട് മുന്‍സിഫ് കോടതി ഉത്തരവിട്ടിരിക്കുകയാണല്ലോ? എന്തുകൊണ്ടാണ് വിഷയത്തില്‍ കോടതിയെ സമീപിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്?
എനിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം ചുമത്തിയ കുറ്റം ലൈംഗികാധിക്ഷേപം പരാതിപ്പെട്ട ഹരിത മുന്‍ സംസ്ഥാന കമ്മിറ്റിയിലെ പെണ്‍കുട്ടികള്‍ക്ക് അനകൂലമായ നിലപാട് സ്വീകരിച്ചു എന്നതാണ്. അതിനായിരുന്നു നടപടിയും. ഹരിതയിലെ പെണ്‍കുട്ടികളോട് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ച നടപടി നീതികരിക്കാന്‍ കഴിയാത്തത് പോലെ തന്നെ എന്നെ പുറത്താക്കിയ തീരുമാനവും അംഗീകരിക്കാന്‍ സാധിക്കില്ല.
ഹരിതയിലെ നേതൃത്വത്തിലെ പെണ്‍കുട്ടികള്‍ ഉന്നയിച്ച പരാതിയില്‍ ന്യായം നടപ്പിലാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. അതിന് പാര്‍ട്ടി നേതൃത്വം ഒരു നിലയ്ക്കും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല വീണ്ടും വീണ്ടും ആളുകളെ പുറത്താക്കുകയാണ്.
ഇതെല്ലാം ചോദ്യം ചെയ്യാന്‍ ഒരാള്‍ പോലും ഇല്ല എന്ന ധൈര്യത്തിന് പുറത്താണ് മുസ്ലിം ലീഗിന്റെ ഭരണഘടന പോലും മാനിക്കാതെ ഇത്തരം നടപടികള്‍ നേതൃത്വം സ്വീകരിച്ചത്. അത് അംഗീകരിക്കാന്‍ സാധിക്കില്ല.
മുസ്ലിം ലീഗിന് ഒരു ഭരണഘടനയുണ്ട്, അതനുസരിച്ച് നടപടി എടുക്കാന്‍ കുറേ നടപടി ക്രമങ്ങളുമുണ്ട്. ഇത് ഒരാള്‍ പോലും ചോദിക്കില്ല എന്ന ധാര്‍ഷ്ട്യത്തിന് പുറത്താണ് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത കുറേ കാര്യങ്ങള്‍ ഇവര്‍ ചെയ്ത് കൂട്ടുന്നത്. അത് അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല. ഈ പാര്‍ട്ടിയെ ഇങ്ങനെ നാശമാക്കുന്നത് അംഗീകരിച്ച് കൊടുക്കില്ല എന്ന എന്റെ ഉറച്ച് തീരുമാനത്തിന് പിറകിലാണ് നിയമം വഴി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നത്.
നാളെ നേതൃത്വം ഒരാളെ പുറത്താക്കുമ്പോള്‍ നടപടിക്രമം പാലിക്കാതെ ചെയ്താല്‍ ഇത്തരത്തിലൊരു പ്രയാസം നേരിടുമെന്നത് അവര്‍ ഓര്‍ത്തിരിക്കണം. അതിന് വേണ്ടി തന്നെയായിരുന്നു കോടതിയേക്ക് എന്ന തീരുമാനത്തില്‍ ഞാനെത്തുന്നത്.
മുന്‍സിഫ് കോടതി വിധിക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം അപ്പീല്‍ പോകുമെന്ന് ഉറപ്പല്ലേ?
അത് സ്വഭാവികമാണല്ലോ. സംഘപരിവാറിന്റെ ചില നേതാക്കള്‍ ചാനല്‍ ചര്‍ച്ചയില്‍ വന്നിരുന്ന് അഭിപ്രായം പറയുന്നതിന് സമാനമായ രീതിയില്‍ അഭിപ്രായം പറയുന്ന ആളാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കറുമോസ് തണ്ട് ഉപയോഗിച്ചാണ് ബ്രിട്ടീഷുകാരോട് പോരാടാന്‍ പോയത് എന്നൊക്കെ പറഞ്ഞ് സ്വയം ട്രോളുന്ന നിലപാട് എടുക്കുന്നയാളാണ്. അദ്ദേഹം ചിലപ്പോള്‍ അതൊക്കെ ചെയ്യും. ചിലപ്പോള്‍ രമ്യമായി പരിഹരിക്കുന്നതിന് പകരം കോടതിയില്‍ പോകും. ഈ കേസില്‍ കക്ഷി ചേര്‍ന്ന് സ്റ്റേ വാങ്ങിക്കാന്‍ ശ്രമിക്കും, അതിന് സാധ്യതയുണ്ട്. സംഘടനയെ വരിഞ്ഞു മുറുക്കിയിരിക്കുന്ന മൂവര്‍ സംഘത്തില്‍പ്പെട്ട ആളാണല്ലോ, അദ്ദേഹം അതൊക്കെ ചെയ്യും.
താങ്കളെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ ഉത്തരവുണ്ടെങ്കിലും മുസ്ലിം ലീഗ് അംഗീകരിക്കുമെന്ന് തോന്നുണ്ടോ. നിലവിലെ നേതൃത്വത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമോ? താങ്കളെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കാതെ തടഞ്ഞിരിക്കുകയാണല്ലോ?
നേതൃത്വം അല്ലല്ലോ പാര്‍ട്ടി. മുസ്ലിം ലീഗ് എന്ന പാര്‍ട്ടി ഏതെങ്കിലും ചില നേതാക്കളുടേത് അല്ല. മുസ്ലിം ലീഗിനെ കുറച്ച് ആളുകള്‍ ഹൈജാക്ക് ചെയ്ത് അവരുടെ താത്പര്യം നടപ്പിലാക്കാന്‍ വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുകയാണ്.
ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റും വൈസ് പ്രസിഡന്റും ജീവിച്ചിരിപ്പുണ്ട്. അവര്‍ക്ക് രണ്ട് പേര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഒരു കോക്കസാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.
ഒരു മൂവര്‍ സംഘമാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്. അവരുടെ കയ്യില്‍ നിന്ന് ഈ പാര്‍ട്ടി മോചിപ്പിക്കപ്പെടുമെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. രാഷ്്ട്രീയ ലാഭം നോക്കിയാണെങ്കില്‍ എല്ലാവരും ചെയ്യുക ഉടനെ മറ്റൊരു പാര്‍ട്ടി സ്വീകരിക്കുക എന്നതാണ്. അങ്ങനെ സ്വീകരിക്കാതെ ഈ നടത്തുന്ന പോരാട്ടം പാര്‍ട്ടി പ്രവര്‍ത്തകരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താനും പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനും വേണ്ടിയാണ്.
പാര്‍ട്ടി അണികളുടേതാണ്, അവരാണ് പ്രധാനം. നേതാക്കന്മാര്‍ വരുകയും പോകുകയും ചെയ്യും. അണികളെ ഇത് ബോധ്യപ്പെടുത്തിയാല്‍ പല കാര്യങ്ങളിലും മാറ്റമുണ്ടാകും. ഇവര്‍ക്കെന്തുകൊണ്ടാണ് ഇപ്പോഴും മെമ്പര്‍ഷിപ്പ് കൊടുക്കാന്‍ സാധിക്കാത്തത് എന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണ്.
മുസ്ലിം ലിഗിന്റെ മെമ്പര്‍ഷിപ്പ് 2016ലാണ് അവസാനമായി കൊടുത്തത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലി ലീഗ് കൃത്യമായി മൂന്ന് വര്‍ഷത്തില്‍ മെമ്പര്‍ഷിപ്പ് കൊടുത്ത് സംഘടനാ കാര്യങ്ങള്‍ നോക്കുമായിരുന്നു.
ആറാമത്തെ വര്‍ഷമായിട്ടും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടക്കുന്നില്ല. പാര്‍ട്ടിക്ക് അകത്ത് നടക്കുന്ന ചില പ്രശ്‌നങ്ങളില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉണ്ടാകുന്നു എന്നത് കൊണ്ടു തന്നെയാണ് ഇത് സാധ്യമാകാത്തത്.
മുസ്ലിം ലീഗിനകത്തെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് എല്ലായ്‌പ്പോഴും ചര്‍ച്ചയാകാറുള്ള വിഷയമാണ്. ഡിസിഷന്‍ മേക്കിങ്ങ് പദവിയിലേക്ക് ലീഗ് ഇപ്പോഴും സ്ത്രീകളെ കൊണ്ടുവരുന്നില്ലല്ലോ?
തീര്‍ച്ചയായും മിക്‌സഡ് ഭാരവാഹിത്വം പാര്‍ട്ടിക്ക് അകത്ത് വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിച്ചയാളാണ് ഞാന്‍. ആ പ്രമേയത്തെ അന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയും പിന്താങ്ങിയിരുന്നു.
ഈ കാലഘട്ടത്തില്‍ നമ്മള്‍ ന്യൂനപക്ഷങ്ങളെ അഡ്രസ് ചെയ്യുമ്പോള്‍ മുസ്ലിം സമുദായത്തിന് അകത്തുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും സാമൂഹിക മേഖലയില്‍ അവരുടെ ഇടപെടലുമൊക്കെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. മറ്റ് സംഘടനകളില്‍ നിന്നൊക്കെ വിഭിന്നമായി മുസ്ലിം സമുദായത്തില്‍ നിരവധി സ്ത്രീകള്‍ മുന്നോട്ട് വന്ന് പ്രതികരിക്കുന്നുണ്ട്. അവരുടെ നിലപാടുകള്‍ ശക്തമാണ്.
ഹരിതയ്ക്ക് അപ്പുറത്ത് അവര്‍ക്ക് കുറച്ച് കൂടി വിശാലമായ പ്ലാറ്റ്‌ഫോം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മിനുറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്.
ഇത് സ്ത്രീകളെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട കാലഘട്ടമല്ല. ചേര്‍ത്ത് മുന്നോട്ട് പോകേണ്ട കാലഘട്ടമാണ്. സമൂഹത്തിന്റെ ഒരു മുഖ്യപങ്ക് വഹിക്കുന്നതില്‍ സ്ത്രീകളും പ്രസക്തരാണ്. അതുകൊണ്ട് തന്നെ മിക്‌സഡ് ഭാരവാഹിത്വം നടപ്പിലാക്കണമെന്ന് നമ്മള്‍ നിരന്തരം ആവശ്യപ്പെട്ടതാണ്.
യൂത്ത് ലീഗിന്റെ സംവിധാനത്തിനകത്ത് അത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. യൂത്ത് ലീഗില്‍ ഇപ്പോഴും മെമ്പര്‍ഷിപ്പ് മാത്രമാണ് സ്ത്രീകള്‍ക്ക് കൊടുക്കുന്നത്. അവര്‍ക്ക് ഭാരവാഹിത്വമില്ല. എന്നാല്‍ കേരളത്തിലെ ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍മാരെ എടുത്ത് കഴിഞ്ഞാല്‍ യൂത്ത് ലീഗിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വനിതകള്‍ ഒരുപാട് പേരുണ്ടെന്ന് കാണാം.
നല്ല കഴിവുള്ളവര്‍ ആയതുകൊണ്ടാണല്ലോ അവര്‍ക്ക് ജനങ്ങള്‍ക്ക് ഇടയില്‍ ഒരു മെമ്പറായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. അതേ പ്രവര്‍ത്തന സ്വാതന്ത്ര്യം തന്നെ മതി പാര്‍ട്ടിക്ക് അകത്ത് പ്രവര്‍ത്തിക്കാന്‍. അത്തരം ആളുകളെ യൂത്ത് ലീഗ് നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ചില സമീപനങ്ങള്‍ മാറണമെന്ന് തന്നെയാണ് പറയാനുള്ളത്.
ലീഗിനകത്ത് സ്ത്രീകളെ നേതൃത്വ നിരയിലേക്ക് കൊണ്ട് വരണമെന്ന് പറയുന്നവരുടെയും യാഥാസ്ഥിതിക നിലപാടുമായി മുന്നോട്ട് പോകുന്നവരുടെയും രണ്ട് ഗ്രൂപ്പുകള്‍ രൂപീകൃതമാകുന്നുണ്ടോ?
രണ്ട് തരം അഭിപ്രായങ്ങള്‍ ഉണ്ട്. തികഞ്ഞ യാഥാസ്ഥിതിക സമീപനം വെച്ചു പുലര്‍ത്തുന്നവരുണ്ട്. അവര്‍ക്ക് സ്വാഭാവികമായും ഇത്തരമൊരു സമീപനം അംഗീകരിക്കാന്‍ സാധിക്കില്ല. മതസംഘടനകളുടെ അടുത്ത് നിന്ന് പിന്തുണ കിട്ടാനും രാഷ്ട്രീയ ഭാവി നോക്കിയും ഞങ്ങള്‍ ഇതിനോട് വിയോജിക്കുന്നവരാണ് എന്ന് പറയുന്നവരും ഉണ്ട്.
മുസ്ലിം പെണ്‍കുട്ടികളെ മുന്നോട്ട് കൊണ്ടുവരണമെന്ന് തന്നെയായിരുന്നു സിഎച്ചിന്റെ കാഴ്ചപ്പാട്. അവര്‍ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഇവരെ ചാട്ടവാറിന് അടിച്ചേനെ.
മുനീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പക്ഷേ ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ കൊടുത്തിരുന്നില്ല? പി.കെ ഫിറോസിനെ പോലുള്ളവരുടേത് ഇരട്ടത്താപ്പാണോ?
ഹരിതപിന്തുണയൊക്കെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. പക്ഷേ അദ്ദേഹം ഇതിന്റെ മര്‍മ്മ പ്രധാനമായ സ്ഥാനത്ത് ഇരിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഡിസിഷന്‍ മേക്കിങ്ങ് അധികാരം അദ്ദേഹത്തിന് ഇല്ല. മാത്രമല്ല ഒരാള്‍ വിചാരിച്ചാല്‍ മാത്രം തീരുന്ന കാര്യവുമല്ല ലീഗിലേത്.
പി.കെ ഫിറോസ് എന്തെങ്കിലും തരത്തിലുള്ള ഒരു അഭിപ്രായ പ്രകടനം നടത്തിയാല്‍ അഷ്‌റഫലിക്ക് സംഭവിച്ചതൊക്കെ തന്നെ അദ്ദേഹത്തിനും സംഭവിക്കും. ന്യായത്തിന് വേണ്ടി പാര്‍ട്ടിക്ക് അകത്ത് നിരന്തം ഹരിതയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി കലഹിച്ചു എന്നതാണ് സംസ്ഥാന യൂത്ത് ലീഗ് പുനഃസംഘടിപ്പിക്കുമ്പോള്‍ അഷ്‌റഫലിയുടെ യോഗ്യതക്കുറവായി നേതൃത്വം കണ്ടത്.
അദ്ദേഹം പുറത്ത് വന്ന് ഒരു അഭിപ്രായം പോലും പറഞ്ഞിട്ടില്ല. അഷ്‌റഫലിയുടെ മുന്‍ഗാമികളായ എല്ലാ എം.എസ്.എഫിന്റെ അധ്യക്ഷന്‍മാരും യൂത്ത് ലീഗിന്റെ ജനറല്‍ പോസ്റ്റിലേക്ക് കടന്ന് വന്നിട്ടുണ്ട്. പി.എം സാദിഖ് അലി, പി.കെ ഫിറോസ് ഒക്കെ അതിന് ഉദാഹരണമാണ്. അഷ്‌റഫലിക്ക് മാത്രം ഒരു സഹഭാരവാഹിത്വം പോലും നിഷേധിച്ചത് ഈ മൂവര്‍ സംഘത്തിന്റെ അപ്രീതിക്ക് കാരണമായതുകൊണ്ടാണ്. പി.കെ ഫിറോസ് നിസഹായനാണ്. അദ്ദേഹം സംസാരിച്ചാല്‍ അദ്ദേഹത്തിന് കൂടി പുറത്തേക്ക് പോകണം. അത്രയേ ഉള്ളൂ. ഒരു ഭാരവാഹിത്വം ഇല്ലാതെ അവിടെയിരിക്കാം. പി.കെ ഫിറോസിനെ കുറ്റപ്പെടുത്തുന്നില്ല.
ലൈംഗിക അധിക്ഷേപം പരാതിപ്പെട്ടപ്പോള്‍ ലീഗ് കുറ്റാരോപിതരെ ചേര്‍ത്ത് നിര്‍ത്തുകയും ഹരിതയിലെ പെണ്‍കുട്ടികളെയും അവര്‍ക്ക് പിന്തുണ കൊടുത്തവരെയും പുറത്താക്കുകയാണ് ചെയ്തത്. ആ തീരുമാനം ലീഗ് തിരുത്തിപ്പറയേണ്ടി വരുമോ?
വരാന്‍ പോകുന്ന ഒരു തലമുറ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായും പ്രൊഫഷണലായും ഒക്കെ ഉയര്‍ന്ന് വരുന്ന ഒരു കാലഘട്ടമാണ്. കൃത്യമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ തീരുമാനം എടുക്കുന്നവരാണ് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍.
ആ സാഹചര്യത്തില്‍ മുസ്ലിം ലീഗിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ സ്വാഭാവികമായും ഇത്തരം സമീപനങ്ങള്‍ പുറകിലേക്ക് വലിക്കും. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാതെ പോയി, അതിനുവേണ്ടി ശബ്ദിച്ചവര്‍ക്ക് നീതി ലഭിക്കാതെ പോയി എന്ന് വരുന്ന ഒരു സാഹചര്യത്തില്‍ ഇക്കാലത്തെ പെണ്‍കുട്ടികള്‍ ലീഗിലേക്ക് കടന്നുവരാന്‍ മടിക്കും.
ഒരു യോഗത്തിനകത്ത് എം.എസ്.എഫിന്റെ സംസ്ഥാന അധ്യക്ഷന്‍ ഇത്രമേല്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ചിട്ട് അദ്ദേഹം വീണ്ടും എം.എസ്.എഫിന്റെ സംസ്ഥാന അധ്യക്ഷനായി തുടരുന്നിടത്ത് അവര്‍ക്ക് ഈ സംഘടനയിലേക്ക് കടന്നുവരാന്‍ താത്പര്യമുണ്ടാകില്ല.
നിങ്ങളൊന്നു നോക്കൂ, ഹിജാബ് വിഷയത്തില്‍ മുസ്ലിം ലീഗ് ഉണ്ടാക്കിയിട്ടുള്ള ഹരിതയുടെ പുതിയ ഡമ്മി കമ്മിറ്റിയില്‍ ഈ വിഷയങ്ങളെ അഡ്രസ് ചെയ്ത് മുന്നോട്ട് വരാന്‍ പോലും ആര്‍ക്കും പറ്റുന്നില്ല. സ്വാഭാവികമായിട്ടും പെര്‍ഫോം ചെയ്യുന്ന ആളുകളെ അംഗീകരിക്കാനാണ് പൊതു സമൂഹം തയ്യാറാകുക.
പുതിയ ഹരിത കമ്മിറ്റിയിലെ ആളുള്‍ക്ക് ഒരു ചര്‍ച്ചയിലും അവരുടെ ഭാഗം പറഞ്ഞു കൊണ്ട്, നേതൃസ്ഥാനത്ത് നിന്ന് മുന്നോട്ട് വരാന്‍ പറ്റുന്നില്ല. എം.എസ്.എഫ് ഹിജാബ് വിഷയത്തില്‍ നടത്തുന്ന ഭൂരിഭാഗം പ്രതിഷേധങ്ങളിലും ഒരു പെണ്‍കുട്ടി പോലും നേതൃസ്ഥാനത്ത് ഉണ്ടാകുന്നില്ല. ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്ന ഒരു നേതൃത്വത്തെ ഇവര്‍ അട്ടിമറിച്ച് ഇറക്കിവിട്ട് അന്ന് ഇവരോട് ചേര്‍ന്ന് നിന്ന കുറച്ചാളുകളെ പിടിച്ച് ഭാരവാഹിത്വം ഏല്‍പ്പിക്കുകയാണ് ചെയ്തത്. അവര്‍ക്ക് വ്യക്തിപരമായി കുറച്ച് ലാഭമുണ്ടായി എന്നല്ലാതെ സംഘടനക്ക് അത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.
മുസ്ലിം ലീഗില്‍ സ്ത്രീകള്‍ക്ക് ഒരു നീതിയും ലഭിക്കുന്നില്ല എന്ന് പറയുമ്പോഴും നേതൃത്വത്തിന്റെ നിലപാടുകളില്‍ അതൃപ്തി പ്രകടിപ്പിക്കുമ്പോഴും ലീഗിനകത്ത് തന്നെ നില്‍ക്കാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്. എന്തുകൊണ്ടാണത്?
ഈ രാജ്യത്തെ മുസ്ലിം സംഘടനകള്‍ എടുത്ത് പരിശോധിച്ചാല്‍ സെക്യുലര്‍ നിലപാടോട് കൂടി മുസ്ലിം സമുദായത്തെ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്താന്‍ മുസ്ലിം ലീഗിനല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊക്കെ തന്നെ തീവ്ര നിലപാടും ചില സമയങ്ങളില്‍ വഴിപിഴച്ച് പോകുന്ന വിധത്തിലുള്ള സമീപനങ്ങളുമുണ്ട്. മുസ്ലിം സമൂഹത്തെ ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായി നിന്നുകൊണ്ട് ജനാധിപത്യ മാര്‍ഗത്തില്‍ വഴി നടത്തുക എന്നൊരു നിലപാടാണ് ലീഗിനുള്ളത്. അതുകൊണ്ട് തന്നെ ലീഗ് ഇവിടെ നിലനില്‍ക്കേണ്ടത് ആവശ്യമാണ്.
ലീഗില്ലാത്ത ഒരു സാഹചര്യത്തില്‍ ആ സ്‌പേസിലേക്ക് തീവ്ര സംഘങ്ങള്‍ കടന്നുവരികയും അത് രാജ്യത്ത് സംഘപരിവാര്‍ നടത്തുന്നതിന്റെ നേര്‍ ബദലായ ഒരു സംവിധാനമായി മാറുകയും ചെയ്യും. അത് ന്യൂനപക്ഷ വര്‍ഗീയത എന്ന അവസ്ഥയിലേക്ക് പോകുന്ന സാഹചര്യമുണ്ടാക്കും
അത് തടയാന്‍ ലീഗ് നിലനില്‍ക്കേണ്ടത് ആവശ്യമാണ്. ലീഗ് നിലനില്‍ക്കണമെങ്കില്‍ ഇത്തരം വ്യക്തി താത്പര്യങ്ങള്‍ കേന്ദ്രീകരിച്ച് നില്‍ക്കുന്ന ആളുകളില്‍ നിന്ന് സംഘടന മോചിപ്പിക്കപ്പെടണം. അതിന് ആരെങ്കലുമൊക്കെ ഫൈറ്റ് ചെയ്യണ്ടേ. നടപടി നേരിട്ട് വീട്ടില്‍ പോയിരിക്കുകയോ, മറ്റ് പാര്‍ട്ടികളിലേക്ക് പോകുകയോ ചെയ്താല്‍ ഈ യുക്തിരാഹിത്യം തിരുത്തപ്പെടില്ല. തിരുത്തിക്കാന്‍ ആളുണ്ടാകണം, അത് ഒറ്റയാള്‍ പോരാട്ടമാണെങ്കില്‍ പോലും.
നമുക്ക് രാഷ്ട്രീയ താത്പര്യം കൊണ്ട് മറ്റെവിടെയും പോകാം. അതിന് ഒരു തടസവുമില്ല. അതിന് പകരം ഈ പാര്‍ട്ടിയുടെ ആശയത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ആ മാര്‍ഗത്തില്‍ തിരുത്തപ്പെടണമെന്ന് പറഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ അത് ലീഗിനകത്തുള്ള പ്രവര്‍ത്തകരും നേതാക്കളുമൊക്കെ ഏറ്റെടുക്കുമെന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയാകുമ്പോഴേ ഈ പാര്‍ട്ടി നിലനില്‍ക്കുകയുളളൂ, അല്ലെങ്കില്‍ പാര്‍ട്ടി പരാജയപ്പെട്ട് പോകും.