'അവര്‍ തടസങ്ങള്‍ സൃഷ്ടിക്കും, എന്നാല്‍ എന്റെ വിധി ഞാനെഴുതും': കോമഡി ഉപേക്ഷിക്കില്ലെന്ന് മുനാവര്‍ ഫാറൂഖി

'അവര്‍ തടസങ്ങള്‍ സൃഷ്ടിക്കും, എന്നാല്‍ എന്റെ വിധി ഞാനെഴുതും': കോമഡി ഉപേക്ഷിക്കില്ലെന്ന് മുനാവര്‍ ഫാറൂഖി
Published on

സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനാവര്‍ ഫാറൂഖി ഇനി സ്റ്റേജില്‍ പെര്‍ഫോം ചെയ്യില്ലെന്ന് അടുത്തിടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഫാറൂഖിയുടെ ഏകദേശം 12 ഷോകളാണ് വലതുപക്ഷ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ റദ്ധാക്കിയത്.

ഇപ്പോഴിതാ താന്‍ കോമഡി ഉപേക്ഷിക്കുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് മുനാവര്‍ ഫാറൂഖി. നവംബര്‍ 30 -ന് തന്റെ ഇന്‍സ്റ്റാഗ്രമിലൂടെയാണ് ഫാറൂഖി ഇക്കാര്യം അറിയിച്ചത്. 'ചില വഴികള്‍ എഴുതപ്പെട്ടതാണ്, ചിലത് ഞാന്‍ എഴുതും. അവര്‍ തടസങ്ങള്‍ എഴുതും, എന്നാല്‍ എന്റെ വിധി ഞാനെഴുതും.' എന്നാണ് ഫാറൂഖി കുറിച്ചത്.

കുറച്ച് കാലങ്ങളായി മുനാവര്‍ ഫാറൂഖിക്ക് എതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളുരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന മുനാവര്‍ ഫാറൂഖിയുടെ പരിപാടി മാറ്റിവെച്ചത്.

'മുനാവര്‍ മറ്റ് മതങ്ങളിലെ ദൈവത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്,'' എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബംഗളുരുവിലെ ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡയും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മുനാവര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു എന്നും മുനാവര്‍ എഴുതിയിരുന്നു. '' എല്ലാം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനാവര്‍ ഫാറൂഖി. നിങ്ങളെല്ലാവരും മികച്ച ആസ്വാദകരായിരുന്നു. ഗുഡ് ബൈ. എനിക്ക് മതിയായി,'' എന്നാണ് മുനാവര്‍ ട്വിറ്ററില്‍ കുറിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in