'പൊതുജനങ്ങള്‍ക്ക് ഭീഷണി', ബിജെപി പരാതിയില്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി ഗൂര്‍ഗോണ്‍ കോമഡി ഫെസ്റ്റിവല്‍

'പൊതുജനങ്ങള്‍ക്ക് ഭീഷണി', ബിജെപി പരാതിയില്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി ഗൂര്‍ഗോണ്‍ കോമഡി ഫെസ്റ്റിവല്‍
Published on

ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവില്‍ കോമഡി ഫെസ്റ്റിവലില്‍ നിന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി. പൊതുജനങ്ങള്‍ക്ക് ഭീഷണി നേരിടുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നാണ് സംഘാടകരുടെ വിശദീകരണം.

ഡിസംബര്‍ 17 മുതല്‍ 19 വരെ ഐരിയ മാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മുവര്‍ ഫാറൂഖിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി കോളുകളും മെസേജുകളുമാണ് വരുന്നതെന്നും സംഘാടകര്‍ പറഞ്ഞു. പോസ്റ്ററില്‍ നിന്ന് ഇതിനോടകം മുനവറിന്റെ പേര് നീക്കം ചെയ്തിട്ടുണ്ടെന്ന് ദി എന്റര്‍ടെയിന്‍മെന്റ് ഫാക്ടറി സഹ സ്ഥാപകന്‍ മുബിന്‍ ടിസേകര്‍ പറഞ്ഞു.

'ആരുടെയും വികാരം വ്രണപ്പെടുത്താനോ പൊതുജനത്തെ അപകടത്തിലാക്കാനോ താത്പര്യമില്ല. അതുകൊണ്ട് ഞങ്ങള്‍ അദ്ദേഹത്തെ പാനലില്‍ നിന്ന് പുറത്താക്കി. ഇന്നലെയാണ് തീരുമാനമെടുത്തത്. പോസ്റ്ററില്‍ നിന്ന് ഇതിനോടകം പേര് നീക്കം ചെയ്തിട്ടുണ്ട്,' മുബിന്‍ ടിസേകര്‍ പറഞ്ഞു.

തിങ്കളാഴ്ച ഹരിയാന ബിജെപി ഐടി വകുപ്പ് തലവന്‍ അരുണ്‍ യാദവ് മുനവര്‍ ഫാറൂഖിക്കെതിരെ പരാതി നല്‍കിയിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു ഫാറൂഖിക്കെതിരെ പരാതി നല്‍കിയത്.

2021 ജനുവരി മുതലായിരുന്നു മുനവര്‍ ഫാറൂഖിയ്ക്ക് നേരെ സംഘപരിവാറില്‍ നിന്നും പ്രത്യക്ഷമായ ആക്രമണങ്ങള്‍ വന്നുതുടങ്ങിയത്. ഹിന്ദു ദൈവങ്ങളേയും ബി.ജെ.പി നേതാവ് അമിത് ഷായേയും അപമാനിച്ച് സംസാരിച്ചു എന്ന പരാതിയിന്മേല്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.

കുറച്ച് കാലങ്ങളായി മുനാവര്‍ ഫാറൂഖിക്ക് എതിരെ സംഘപരിവാറിന്റെ വിദ്വേഷ പ്രചരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗളുരുവിലെ അശോക് നഗറിലെ ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന മുനാവര്‍ ഫാറൂഖിയുടെ പരിപാടി മാറ്റിവെച്ചത്.

'മുനാവര്‍ മറ്റ് മതങ്ങളിലെ ദൈവത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ കോമഡി ഷോകള്‍ നിരോധിച്ചിട്ടുണ്ട്,'' എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബംഗളുരുവിലെ ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡയും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മുനാവര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്. വിദ്വേഷം ജയിച്ചു, കലാകാരന്‍ തോറ്റു എന്നും മുനാവര്‍ എഴുതിയിരുന്നു. '' എല്ലാം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഞാന്‍ കരുതുന്നു. എന്റെ പേര് മുനാവര്‍ ഫാറൂഖി. നിങ്ങളെല്ലാവരും മികച്ച ആസ്വാദകരായിരുന്നു. ഗുഡ് ബൈ. എനിക്ക് മതിയായി,'' എന്നാണ് മുനാവര്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ അതിന് പിന്നാലെ കോമഡി അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി മുനവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മുനവറിനെ പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്ന കാഴ്ചയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in