മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുന്നുവെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. മേല്‍നോട്ട സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതിന് കേരളം അനുമതി നല്‍കുന്നില്ലെന്നാണ് തമിഴ്‌നാട് ഉന്നയിക്കുന്ന പരാതി. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തമിഴ്‌നാട് ആരോപിച്ചു.
മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസരത്തുള്ള 15 മരങ്ങള്‍ മുറിക്കാനാണ് കേരളം അനുമതി നല്‍കിയത്. വിവാദമായതോടെ ഉത്തരവ് റദ്ദാക്കി. എന്നാല്‍ റദ്ദാക്കിയ വിവരം തങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കേരളം നല്‍കിയ സത്യവാങ്മൂലത്തിന് തമിഴ്‌നാട് സുപ്രീം കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമറിപ്പോര്‍ട്ടുകളുടെ പകര്‍പ്പും തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
മരം മുറി ഉത്തരവ് റദ്ദാക്കിയ കേരളത്തിന്റെ നടപടി ഇരട്ടത്താപ്പാണ് എന്നും തമിഴ്‌നാട് ആരോപിക്കുന്നുണ്ട്. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സഞ്ജയ് അവസ്തി കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും തമിഴ്‌നാട് ഹാജരാക്കിയിട്ടുണ്ട്.
എര്‍ത്ത് ഡാം ബലപ്പെടുത്തണമെന്നും, ഡാമിന്റെ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നുമാവശ്യപ്പെട്ടാണ് കേന്ദ്രം സംസ്ഥാന ജലവിഭവ വകുപ്പിനോട് കത്ത് നല്‍കിയത്. തമിഴ്‌നാടിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രജല വിഭവ വകുപ്പ് സെക്രട്ടറി സംസ്ഥാന ജലവിഭവ പരിസ്ഥിതി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് സംബന്ധിച്ച് കോടതി ഇന്ന് തീരുമാനമെടുത്തേക്കും.