മുല്ലപ്പള്ളിയെയും മാറ്റും, ആദ്യ പരിഗണന കെ.സുധാകരന്

മുല്ലപ്പള്ളിയെയും മാറ്റും, ആദ്യ പരിഗണന കെ.സുധാകരന്
Published on

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനൊടുവില്‍ കോണ്‍ഗ്രസില്‍ തലമുറ മാറ്റം. പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയോഗിച്ചതിന് പിന്നാലെ കെപിസിസി അധ്യക്ഷനെയും മാറ്റാന്‍ തീരുമാനം. മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ.സുധാകരനാണ് പ്രഥമ പരിഗണന. ഗ്രൂപ്പിനതീതമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചുവരാനാകൂ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

തലമുറമാറ്റത്തിന് തടയിടാന്‍ എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടിയും ഐഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയും ഗ്രൂപ്പ് വൈരം മറന്ന് കൈകോര്‍ത്തെങ്കിലും ഫലം കണ്ടില്ല. ഇതോടെ കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളും മാറി മറിയുകയാണ്.

ഹൈക്കമാന്‍ഡ് തീരുമാനത്തിന് പിന്നാലെ എ-ഐ ഗ്രൂപ്പുകളും പിളര്‍ന്നു. എം.എല്‍.എമാരില്‍ 11 പേരുടെ പിന്തുണ വിഡി സതീശനൊപ്പമുണ്ടായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയര്‍ത്തി വിജയം വരിച്ച എംഎല്‍എ കൂടിയാണ് വി.ഡി.സതീശന്‍. നിയമസഭയിലും മികച്ച ട്രാക്ക് റെക്കോര്‍ഡാണ് വി.ഡിക്കുള്ളത്.

ഐ ഗ്രൂപ്പിലെ കരുത്തനായ കരുത്തനായ വിഡി സതീശന്‍ 2011ലാണ് അകലുന്നത്. 2011ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വിഡി സതീശന്‍ മന്ത്രിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ വി.എസ് ശിവകുമാറിനെയാണ് പരിഗണിച്ചത്. 2014ല്‍ ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ തള്ളി വി.എം സുധീരനെ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയപ്പോള്‍ വി.ഡി സതീശനായിരുന്നു വൈസ് പ്രസിഡന്റ്. അന്നത്തെ നീക്കത്തിന് സമാനമാണ് ഗ്രൂപ്പ് താല്‍പ്പര്യങ്ങളെ തള്ളിക്കൊണ്ടുള്ള പുതിയ നീക്കം.

Related Stories

No stories found.
logo
The Cue
www.thecue.in