കൊറോണയുടെ മറവില്‍ ശ്രീറാമിനെ തിരിച്ചെടുത്ത നടപടി അനീതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീതിനിഷേധത്തിനും അധാര്‍മ്മിക പ്രവര്‍ത്തനം നടത്താനുമുള്ള മറയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.ഇതിനുള്ള തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച ദുരന്തമായിരുന്നു മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മരണം. ശ്രീറാം വെങ്കിട്ടരാമനെന്ന ഐ.എ.എസ് ഉദ്യഗസ്ഥന്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്.ക്രിമിനല്‍ നടപടി നേരിടുന്ന ശ്രീറാമിന് കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തന ചുമതല നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.
തുടക്കം മുതല്‍ എല്ലാ തെളിവുകളും നശിപ്പിച്ച് പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു.പ്രഗല്‍ഭരായ നിരവധി ഡോക്ടര്‍മാര്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹഹചര്യം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം.സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉദ്യോഗസ്ഥന്‍ തെറ്റുചെയ്തിട്ട് അദ്ദേഹത്തെ ന്യായീകരിക്കുന്നത് നീതിബോധമുള്ള കേരളീയ സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു.
ചിഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നാണ് പറയപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിന്റെ നടപടി. കേസ് തീര്‍പ്പാക്കുന്നത് വരെ ശ്രീറാമിനെ മാറ്റി നിര്‍ത്താനുള്ള മാന്യതയും നീതിബോധവുമായിരുന്നു സര്‍ക്കാര്‍ കാണിക്കേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.