മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത, ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത, ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
Published on

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3,4 സ്പില്‍വേ ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ ഏഴരയോടെയായിരുന്നു ആദ്യ ഷട്ടര്‍ തുറന്നത്. തൊട്ടുപിന്നാലെ രണ്ടാമത്തെ ഷട്ടറും തുറന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിനും, കെ.രാജനും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയിരുന്നു.

രണ്ട് ഷട്ടറുകളില്‍ നിന്നുമായി സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. സെക്കന്റില്‍ 15,117 ലിറ്റര്‍ വെള്ളമാണ് പെരിയാറിലൂടെ ഒഴുകുന്നത്. മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ കൂടുതലായി ഉയര്‍ത്തേണ്ടി വരുമെന്ന് മന്ത്രി കെ.രാജന്‍ പറഞ്ഞു.

മഴ ശക്തമായതിനാല്‍ ഇടുക്കി അണക്കെട്ടും തുറന്നേക്കുമെന്നാണ് സൂചന. അതിനുള്ള ഒരുക്കള്‍ പൂര്‍ത്തിയായി. അണക്കെട്ടിലെ ജലനിരക്ക് 2398.32 അടിയിലെത്തിയതോടെ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.

2018ലായിരുന്നു ഇതിന് മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. അണക്കെട്ട് തുറന്നാല്‍ ആദ്യം വെള്ളം എത്തുന്നത് ജനവാസ മേഖലയായ വള്ളക്കടവിലാണ്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിലെത്തും. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം എത്തിയാലും പെരിയാറില്‍ ഏകദേശം 60 സെന്റീമീറ്റര്‍ താഴെ മാത്രമേ ജലനിരപ്പ് ഉയരൂ എന്നാണ് വിലയിരുത്തല്‍. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്ന് വിടുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in