ബിജെപിക്ക് വീണ്ടും മമതയുടെ ഉ​ഗ്രൻ തിരിച്ചടി; മുകുൾ റോയിയെ തൃണമൂലിലെത്തിച്ചു, ഇനിയും ആളുകളെത്തുമെന്ന് മുന്നറിയിപ്പും

ബിജെപിക്ക് വീണ്ടും മമതയുടെ ഉ​ഗ്രൻ തിരിച്ചടി; മുകുൾ റോയിയെ തൃണമൂലിലെത്തിച്ചു, ഇനിയും ആളുകളെത്തുമെന്ന് മുന്നറിയിപ്പും
Published on

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേർന്ന മുകുൾ റോയ് തൃണമൂൽ കോൺ​ഗ്രസിലേക്ക് തിരികെയെത്തി. മകൻ ശുബരാൻഷുവിനൊപ്പമാണ് ആഴ്ചകൾ നീണ്ട അഭ്യൂഹത്തിന് വിരാമമിട്ട് മുകുൾ തൃണമൂൽ പാളയത്തിലേക്ക് തിരികെയെത്തിയത്.

മുകുൾ തിരിച്ചെത്തിയെന്ന് പറഞ്ഞ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹം ഒരിക്കലുമൊരും വഞ്ചകൻ ആയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഇനിയും കൂടുതൽ പേർ തൃണമൂൽ കോൺ​ഗ്രസിലേക്ക് തിരികെയെത്തുമെന്നും മമത വ്യക്തമാക്കി.

തന്റെ പഴയ സഹപ്രവർത്തകരെ കണ്ടതിൽ വലിയ സന്തോഷം തോന്നുന്നുണ്ടെന്ന് മുകുൾ റോയ് പറഞ്ഞു. തനിക്കൊരിക്കലും മമത ബാനർജിയുമായി ഒരുവിധത്തിലുളള അഭിപ്രായ വ്യത്യാസങ്ങളും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃണമൂൽ കോൺ​ഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന മുകുൾ റോയ് പാർട്ടി വിടുന്ന സമയത്ത് ജനറൽ സെക്രട്ടറി പദവിയായിരുന്നു വഹിച്ചിരുന്നത്. കഴിഞ്ഞയാഴ്ച മമത മുകുൾ റോയിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളിൽ പലരും മടങ്ങിവരാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു വലിയ നിര തന്നെയായിരുന്നു ബിജെപിയിലേക്ക് ചേക്കേറിയത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്ത് ലഭിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൃണമൂലിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് കാണിച്ച് തൃണമൂല്‍ നേതാവും ഫൂട് ബോളറുമായിരുന്ന ദിപേന്തു ബിശ്വാസ് മമതയ്ക്ക് കത്തയച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍ എം.എല്‍.എ സൊണാലി ഗുഹയും തൃണമൂലിലേക്ക് തിരികെ എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സരള മുര്‍മു, അമല്‍ ആചാര്യ എന്നീ നേതാക്കളും തൃണമൂലിലേക്കുള്ള പുനര്‍പ്രവേശനം നോട്ടമിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി പാളയത്തില്‍ നിന്ന് ജയിച്ച ഏഴ് എംഎല്‍എമാരും, ബിജെപിയുടെ മൂന്ന് സിറ്റിംഗ് എം.പിമാരും തൃണമൂലിലേക്ക് ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നാണ് പാര്‍ട്ടിയുടെ വക്താവ് കുണാല്‍ ഘോഷ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കൂടി മാനിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in