'കോണ്‍ഗ്രസ് സമരം ജനങ്ങള്‍ക്ക് വേണ്ടി, ജോജു മനപൂര്‍വ്വം കയറിവരികയായിരുന്നു'; പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മുഹമ്മദ് ഷിയാസ്

'കോണ്‍ഗ്രസ് സമരം ജനങ്ങള്‍ക്ക് വേണ്ടി, ജോജു മനപൂര്‍വ്വം കയറിവരികയായിരുന്നു'; പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മുഹമ്മദ് ഷിയാസ്
Published on

കോണ്‍ഗ്രസ് വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു കോണ്‍ഗ്രസിന്റെ സമരം. ജനങ്ങള്‍ക്ക് വേണ്ടി ജയിലില്‍ കിടക്കാനും കേസുകള്‍ നേരിടാനും തയ്യാറാകുന്നവരാണ് കോണ്‍ഗ്രസുകാര്‍. ജോജുവിനെതിരെ സ്ത്രീകള്‍ നല്‍കിയ പരീതിയില്‍ എന്തുകൊണ്ടാണ് പൊലീസ് നടപടിയെടുക്കാത്തതെന്നും മുഹമ്മദ് ഷിയാസ് ചോദിച്ചു.

നാന്നൂറോളം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജോജു മനപൂര്‍വ്വം കയറിവരികയായിരുന്നു. മുണ്ടും മടക്കികുത്തി അസഭ്യം പറഞ്ഞ് ലഹരിക്കടിമപ്പെട്ട ഒരാളെ പോലെ ജോജു കയറി വന്നപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ജോജു മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസുമാരും പറഞ്ഞത്. അതുകൊണ്ടാണ് വൈദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

'ജനകീയ സമരങ്ങളെ കേസെടുത്ത് നിരുത്സാഹപ്പെടുത്താമെന്ന് സര്‍ക്കാര്‍ ധരിക്കരുത്. ആരുടെയും അവകാശത്തെ ഹനിക്കുന്നില്ല. സ്ത്രീകളുടെ പരാതിയില്‍ കഴമ്പില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. ആരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണര്‍ പ്രവര്‍ത്തിക്കുന്നത്. ആരാണ് അക്രമം നടത്തിയതെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടോണി ചമ്മണിയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിരിക്കുകയാണ്. ടോണി ആളുകളെ നിയന്ത്രിക്കുകയായിരുന്നു. ഇത് പൊലീസിന്റെ ഏകപക്ഷീയമായ നടപടിയാണ്', ഷിയാസ് ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in