ഗുരുവായൂരപ്പനെയല്ല,ഉറങ്ങും മുന്‍പ് പ്രാര്‍ത്ഥിക്കുന്നത് കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണെന്ന് എംടി
കോഴിക്കോട് കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേയെന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥനയെന്ന് എംടി വാസുദേവന്‍ നായര്‍. ധനമന്ത്രി തോമസ് ഐസക്കിനെയും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെയും വേദിയിലിരുത്തിയായിരുന്നു എംടിയുടെ പരാമര്‍ശം. കോഴിക്കോട് നഗരത്തില്‍ നിരന്തരം കുടിവെള്ളം മുടങ്ങുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു എംടി. ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെക്കുറിച്ച് തോമസ് ഐസക് എഴുതിയ ജനകീയ ബദലുകളുടെ നിര്‍മ്മിതി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് എംടി പരാതി ഉന്നയിച്ചത്.
എ പ്രദീപ് കുമാര്‍ എംഎല്‍എയും വേദിയിലുണ്ടായിരുന്നു. ഉറങ്ങും മുന്‍പ് ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിക്കുന്നതിന് പകരം ഇപ്പോള്‍ മറ്റൊരു കാര്യമാണ്. കോര്‍പ്പറേഷന്റെ കുടിവെള്ള പൈപ്പ് പൊട്ടരുതേ എന്നാണ് പ്രാര്‍ത്ഥിക്കാറ്. 20 ദിവസത്തിലേറെ വെള്ളം കിട്ടാതിരുന്നിട്ടുണ്ടെന്നും എംടി വിമര്‍ശിച്ചു. സാമ്പത്തിക പ്രയാസമുണ്ടെന്നും കിഫ്ബി വഴി ധനമന്ത്രി പണം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ മറുപടി. എംടിയെ പോലൊരാള്‍ ഇത്തരമൊരു കാര്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ഗൗരവമായി തന്നെ ഇടപെടുമെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.