കെടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ബിജെപി- മുസ്ലിം ലീഗ് സഖ്യമുണ്ടെന്ന സിപിഎമ്മിന്റെ ആരോപണത്തിനെതിരെ ബിജെപി. ബിജെപിയും മുസ്ലിംലീഗും തമ്മില്‍ സഖ്യമുണ്ടെന്ന് പറയുന്നത് അസംബന്ധവും വിവരക്കേടുമാണെന്ന് എംടി രമേശ് ദ ക്യുവിനോട് പ്രതികരിച്ചു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആകെ പ്രതിസന്ധിയിലായ സിപിഎം ശ്രദ്ധ തിരിച്ചു വിടാന്‍ വസ്തുതയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഒറ്റയ്ക്കാണ് സമരം നടത്തുന്നത്. ഒരേ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും നേരത്തെ സമരം ചെയ്തിട്ടുണ്ട്. മുസ്ലീംലീഗുമായി സഖ്യമുള്ളത് സിപിഎമ്മിനാണ്. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പല പഞ്ചായത്തുകളിലും അരിവാള്‍ സഖ്യമുണ്ടാക്കിയാണ് ഭരിക്കുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് പ്രതിഷേധവും അമര്‍ഷവും ഉണ്ട്. അത് കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍.
വി മുരളീധരന് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ല. സിപിഎം പറയുന്നവരെ ചോദ്യം ചെയ്യാനല്ല ദേശീയ അന്വേഷണ ഏജന്‍സി ഇരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ടവര്‍, സ്വപ്‌ന സുരേഷിനെ സഹായിച്ചവര്‍, വഴിവിട്ട ബന്ധമുള്ളവര്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. എല്ലാ മന്ത്രിമാരെയും സിപിഎം നേതാക്കളെയും ചോദ്യം ചെയ്യുന്നില്ല. കള്ളക്കളത്തുമായി ബന്ധമുള്ളവരെ ഇനിയും ചോദ്യം ചെയ്യുമെന്നും എംടി രമേശ് പറഞ്ഞു.