അലനേയും താഹയേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ ഉപവാസം; രണ്ട് ജീവിതങ്ങള്‍ എന്‍ഐഎക്ക് എറിഞ്ഞുകൊടുത്തെന്ന് കെ അജിത
സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ ചുമത്തി എന്‍ഐഎയ്ക്ക് കൈമാറിയ വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അമ്മമാരുടെ സമരം. അലന്റെയും താഹയുടെയും പേരില്‍ ചുമത്തിയ യു എ പി എ ഒഴിവാക്കണമെന്നും അവരെ വിമോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു അമ്മമാര്‍ ഉപവാസം നടത്തുമെന്ന് മനുഷ്യാവകാശപ്രവര്‍ത്തക കെ അജിത. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിഷേധാര്‍ഹമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ നിലപാടെടുത്തവരാണ് അലനും താഹയും. ഈ രണ്ട് വിദ്യാര്‍ത്ഥികളേയും ഇടതുപക്ഷ നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാര്‍ യുഎപിഎ ചുമത്തി എന്‍ഐഎയ്ക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്ന് അജിത ചൂണ്ടിക്കാട്ടി.
ആ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ചെയ്ത പൊറുക്കാനാവാത്ത ക്രൂരതയാണത്. രാഷ്ട്രീയ കിടമത്സരങ്ങളിലോ അധികാരോന്മാദങ്ങളിലോ ബലിയാടുകളാവാനുള്ളതല്ല അലന്റെയും താഹയുടെയും ജീവിതം.
കെ അജിത
2020 ജനുവരി മൂന്നിന് രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെ കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിക്കു മുന്‍വശത്താണ് അമ്മമാരുടെ ഉപവാസ സമരം.
കോഴിക്കോട് പന്തീരാങ്കാവ് കേസ് എന്‍ഐഎ ഏറ്റെടുക്കാന്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ സംസ്ഥാനം യുഎപിഎ ചുമത്തിയതാണെന്ന് വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎപിഎ ചുമത്തിയതിനാല്‍ കേസ് എന്‍ഐഎ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ചീഫ് സെക്രട്ടറി ടോം ജോസിനുമാണ് കത്തയച്ചത്. അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ 2008ലെ എന്‍ഐഎ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ക്രൈമില്‍ ഉള്‍പ്പെടുന്നതാണ്. കേന്ദ്രസര്‍ക്കാരിന് നേരിട്ട് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് കേരള പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുക്കുന്നതെന്നും കത്തില്‍ പറയുന്നു. എന്‍ഐഎ ഡിവൈഎസ്പി നേരിട്ടെത്തി കൊച്ചി സൗത്ത് എസ്പിയില്‍ നിന്ന് കേസ് ഫയലുകള്‍ ഏറ്റെടുത്തിട്ടുണ്ട്.
പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വിവാദമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും യുഎപിഎ ചുമത്തിയതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുണ്ടായെങ്കിലും പൊലീസ് ഭാഷ്യം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. നവംബര്‍ ഒന്നിന് അറസ്റ്റിലായ അലനും താഹയും ജാമ്യം കിട്ടാതെ കോഴിക്കോട് ജില്ലാജയിലില്‍ റിമാന്‍ഡില്‍ തുടരുകയാണ്.
കെ അജിതയുടെ പ്രസ്താവന
അലന്റെയും താഹയുടെയും പേരില്‍ ചുമത്തിയ യു എ പി എ ഒഴിവാക്കണമെന്നും അവരെ വിമോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു അമ്മമാരുടെ ഉപവാസം. 2020 ജനുവരി മൂന്നിന് രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെ. കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിക്കു മുന്‍വശം.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുദ്ദേശിച്ചുള്ള കേന്ദ്രത്തിന്റെ നിയമ നിര്‍മാണങ്ങള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കയാണല്ലോ. കാശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഉറപ്പു നല്‍കിയ 370-ാം വകുപ്പു റദ്ദാക്കല്‍, യുഎപിഎ-എന്‍ഐഎ നിയമ ഭേദഗതികള്‍, പൗരത്വ നിയമ ഭേദഗതി എന്നിവയെല്ലാം അക്കൂട്ടത്തില്‍ പെടും. അവയ്‌ക്കെതിരെ നിലപാടെടുത്ത ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ യുഎപിഎ ചുമത്തി രണ്ടു വിദ്യാര്‍ത്ഥികളെ എന്‍ ഐ എയ്ക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ്. ആ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും ചെയ്ത പൊറുക്കാനാവാത്ത ക്രൂരതയാണത്. രാഷ്ട്രീയ കിടമത്സരങ്ങളിലോ അധികാരോന്മാദങ്ങളിലോ ബലിയാടുകളാവാനുള്ളതല്ല അലന്റെയും താഹയുടെയും ജീവിതം.
അലനെയും താഹയെയും വിമോചിപ്പിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തി കോഴിക്കോട്ട് സ്ത്രീകള്‍ സമരരംഗത്തിറങ്ങുന്നു. സംസ്ഥാനത്തെമ്പാടും ഈ പ്രതിഷേധം അലകളുയര്‍ത്തട്ടെ.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം