മരിച്ച മകളെ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ചേര്‍ത്തുപിടിച്ച് അമ്മ ; സാങ്കേതികവിദ്യയുടെ അപകടകരമായ ഉപയോഗമെന്ന് വിദഗ്ധര്‍
നാലുവര്‍ഷം മുന്‍പ് മരിച്ച 'മകളെ' വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ അമ്മ ചേര്‍ത്തുപിടിക്കുന്ന അനുഭവം അവതരിപ്പിച്ച് സൗത്ത് കൊറിയന്‍ ഡോക്യുമെന്ററി. മരിച്ചുപോയ ഏഴുവയസ്സുകാരിയെ വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യയിലൂടെ കൃത്രിമമായി ആവിഷ്‌കരിക്കുകയായിരുന്നു. അത്തരത്തില്‍ സൃഷ്ടിച്ച മകളോട് അമ്മ ജാങ് ജി സുങ് വാത്സല്യപൂര്‍വം ഇടപഴകുന്നതാണ് മീറ്റിങ് യു ഡോക്യമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രത്യേകം തയ്യാറാക്കിയ ഹെഡ് സെറ്റും, ക്യാമറകളും, കയ്യുറകളും ധരിച്ച്, പ്രത്യേക മുറിയിലായിരുന്നു ജാങ് ജി സുങ് മകളുടെ രൂപത്തെ ചേര്‍ത്തുപിടിച്ചത്. ഒരു പൂന്തോട്ടത്തില്‍ വെച്ച് തന്റെ മകളുടെ ഡിജിറ്റലൈസ്ഡ് വേര്‍ഷന്‍ ജാങ് ജി സുങ് കാണുന്നതാണ് ഡോക്യുമെന്ററി. അവളുടെ കവിളില്‍ തൊട്ടു നോക്കിയ അവര്‍ വികാരാധീനയായി. മകളുടെ മാതൃകയ്ക്കൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ജാങ് ജി സുങിന് സാധിച്ചു. കണ്ടയുടനെ അമ്മയെ താന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് നയോണിന്റെ രൂപം പറയുന്നു. അമ്മയെന്നെ ഓര്‍ക്കാറുണ്ടോയെന്ന അവളുടെ ചോദ്യത്തിന് എപ്പോഴും എന്നായിരുന്നു ജാങ് ജി സുങ്ങിന്റെ മറുപടി.
അമ്മ നയോണിന്റെ മുഖം തലോടുന്നു. പിന്നീട് അവര്‍ കളിക്കുകയും പിറന്നാള്‍ ഗാനം ആലപിക്കുകയും ചെയ്യുന്നു. അല്‍പസമയത്തിന് ശേഷം തനിക്കുറക്കം വരുന്നെന്നും. അമ്മയെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പറഞ്ഞ് നയോണ്‍ കിടന്നുറങ്ങി. ഷോ ചിത്രീകരിക്കുന്ന സമയം ജാങി ജി സുങ്ങിന്റെ ഭര്‍ത്താവും ഇവരുടെ മറ്റൊരു കുട്ടിയും കാഴ്ചക്കാരോടൊപ്പം സദസിലുണ്ടായിരുന്നു. കൃത്രിമമായി സൃഷ്ടിച്ചതാണെങ്കിലും കുറച്ചു സമയത്തേക്ക് മകളെ കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ജാങ് ജി സുങ്ങിന്റെ പ്രതികരണം. ചിലപ്പോള്‍ അത് ശരിക്കും സ്വര്‍ഗമായിരിക്കാം, കുറച്ചു സമയത്തേക്കാണെങ്കിലും അത് സന്തോഷം നിറഞ്ഞ അനുഭവമായിരുന്നുവെന്നും അവര്‍ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2016 ലാണ് ജാങ് ജി സുങിന് മകളെ നഷ്ടമായത്. അജ്ഞാത രോഗത്തെ തുടര്‍ന്നായിരുന്നു നയോണ്‍ എന്ന ഏഴു വയസുകാരി മരിച്ചത്. അതേസമയം മരിച്ച പ്രിയപ്പെട്ടവരെ കൃത്രിമമായി സൃഷ്ടിക്കുന്ന രീതി അപകടകരമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അനന്തരഫലം എന്താകുമെന്ന് പറയാനാവില്ലെന്നായിരുന്നു ഡോക്ടര്‍ ബ്ലെ വിറ്റ്‌ബൈയുടെ പ്രതികരണം.