നിയമം ലംഘിച്ച് 1800 കെട്ടിടങ്ങള്‍; പൊളിക്കല്‍ നടപടികള്‍ മരടിലൊതുങ്ങില്ല

നിയമം ലംഘിച്ച് 1800 കെട്ടിടങ്ങള്‍; പൊളിക്കല്‍ നടപടികള്‍ മരടിലൊതുങ്ങില്ല

Published on

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ കനത്ത നടപടികള്‍ സ്വീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അനധികൃത നിര്‍മാണത്തെക്കുറിച്ച് സുപ്രീംകോടതി റിപ്പോര്‍ട്ടുതേടിയ സാഹചര്യത്തില്‍ നടത്തിയ പ്രാഥമിക കണക്കെടുപ്പില്‍ ചട്ടം ലംഘിച്ച 1800 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

നിയമം ലംഘിച്ച കെട്ടിടങ്ങളുടെ കാര്യം വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇത്തരം കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ തദ്ദേശസെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും നിയോഗിച്ചിട്ടുണ്ട്.മ രട് വിഷയത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ അനധികൃത ഫ്‌ളാറ്റുകള്‍ക്കും ബാധകമാണ്. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഇനി ഇളവുനല്‍കാനാകില്ലെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.

നിയമം ലംഘിച്ച് 1800 കെട്ടിടങ്ങള്‍; പൊളിക്കല്‍ നടപടികള്‍ മരടിലൊതുങ്ങില്ല
മരടിലെ ഫ്‌ളാറ്റുകളില്‍ വൈദ്യുതി വിച്ഛേദിച്ചു, കുടിവെള്ള വിതരണം നിര്‍ത്തി; ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കല്‍

മരടിലെ ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധം കെഎസ്ഇബി ഇന്ന് രാവിലെ വിച്ഛേദിച്ചിട്ടുണ്ട്. നാലു ഫ്ളാറ്റുകളിലെ വൈദ്യുതി ബന്ധമാണ് ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെ കെഎസ്ഇബി വിച്ഛേദിച്ചത്. ഫ്‌ളാറ്റുകളിലേയ്ക്കുള്ള ജലവിതരണവും വാട്ടര്‍ അതോറിറ്റി നിര്‍ത്തി. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഫ്‌ളാറ്റുകള്‍ ഒഴിപ്പിച്ചു തുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 11 മുതല്‍ പൊളിക്കല്‍ നടപടി ആരംഭിക്കും. മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ പൂര്‍ത്തിയാക്കി 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും. ആക്ഷന്‍ പ്ലാന്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

തീരദേശപരിപാലന നിയമത്തില്‍ പിന്നീട് ഭേദഗതി വന്നെങ്കിലും കെട്ടിടനിര്‍മാണ സമയത്ത് നിലവിലുണ്ടായിരുന്ന നിയമമാണ് മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ ബാധകം. ഭേദഗതിയനുസരിച്ച് നിര്‍മാണാനുമതിയുള്ള മേഖലയിലാണ് ഇപ്പോള്‍ ഈ ഫ്‌ളാറ്റുകള്‍ നിലനില്‍ക്കുന്നതെങ്കിലും ഭേദഗതിയില്‍ പരിസ്ഥിതിവകുപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം.

ചീഫ് സെക്രട്ടറി ടോം ജോസാണ് മരട് ഫ്‌ളാറ്റ് വിഷയം മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്. കോടതി കര്‍ശനനിലപാട് തുടരുന്ന സാഹചര്യത്തില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുക മാത്രമാണ് സര്‍ക്കാരിനുമുന്നിലുള്ള പോംവഴിയെന്ന് അദ്ദേഹം അറിയിച്ചു. നിര്‍മാതാക്കള്‍ക്കെതിരേ ക്രിമിനല്‍കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി ഫ്‌ളാറ്റ് വാങ്ങിയവര്‍ക്ക് നല്‍കും. സര്‍ക്കാര്‍ പ്രത്യേകനഷ്ടപരിഹാരം നല്‍കില്ല. നിര്‍മാണാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി തുടരാനും തീരുമാനമായിട്ടുണ്ട്.

logo
The Cue
www.thecue.in