പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിനെയാണ് അറസ്റ്റ് ചെയ്തത്. പലരില്‍ നിന്നായി ഇയാള്‍ അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റതിന്റെ തുകയായി രണ്ട് ലക്ഷം കോടിയിലധികം രൂപ ലഭിച്ചിട്ടുണ്ടെന്നും, അത് ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ ചില നിയമതടസങ്ങളുണ്ടെന്നും പറഞ്ഞാണ് മോന്‍സണ്‍ മാവുങ്കല്‍ പരിചയക്കാരില്‍ നിന്ന് പണം വാങ്ങിയത്. വ്യാജമായുണ്ടാക്കിയ ബാങ്ക് ലെറ്റര്‍പാഡ് കാട്ടിയായിരുന്നു ഇയാള്‍ മറ്റുള്ളവരെ കബളിപ്പിച്ചത്.
യുഎഇയിലും മറ്റുമുള്ള രാജകുടുംബാംഗങ്ങള്‍ക്ക് താന്‍ പുരാവസ്തു നല്‍കിയതിലൂടെ ലഭിച്ച പണമാണ് ഇതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഇത്തരത്തില്‍ ഒരു അക്കൗണ്ട് പോലും ഇയാളുടെ പേരിലില്ലെന്ന് കണ്ടെത്തി.
ടിപ്പുസുല്‍ത്താന്റെ സിംഹാസനവും, മോശയുടെ അംശവടിയും അടക്കം തന്റെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടെന്നും മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാളുടെ കൈവശമുള്ള ഭൂരിഭാഗം വസ്തുക്കളും ചേര്‍ത്തലയിലുള്ള ആശാരിയെ കൊണ്ട് നിര്‍മ്മിച്ചവയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.