കുട്ടികളെ രക്ഷിക്കുന്നതിനിടെ മരിച്ച അബ്ദുള്‍ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹന്‍ലാല്‍; മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു
മലപ്പുറം തിരൂരില്‍ വെള്ളക്കെട്ടില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച പ്രവാസിയായ അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു. ഫൗണ്ടേഷന്‍ ഡയറക്ടര്‍ മേജര്‍ രവി നേരിട്ട് അബ്ദുള്‍ റസാഖിന്റെ വീട്ടിലെത്തി സഹായം അറിയിക്കുകയായിരുന്നു.
റസാഖിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കി. റസാഖിന്റെ 11-ാം ക്ലാസ്സിലും 9-ാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ഡിഗ്രി വരെയുള്ള തുടര്‍ വിദ്യാഭ്യാസ ചെലവുകളും ഫൗണ്ടേഷന്‍ ഏറ്റെടുക്കും. രണ്ട് കുട്ടികളോടും മോഹന്‍ലാല്‍ ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ആഗസ്റ്റ് 13നായിരുന്നു തിരൂര്‍ സൗത്ത് പല്ലാറിലാണ് കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് അപകടത്തില്‍പ്പെട്ടത്. വെള്ളക്കട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്‍, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുള്‍ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാര്‍ തിരൂര്‍ മിഷന്‍ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം.
മഴക്കെടുതിയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് മരിച്ച ലിനുവിന്റെ കുടുംബത്തിന് വീടി വെച്ചു നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍ അറിയിച്ചിരുന്നു. കോഴിക്കോട് സ്വദേശിയായ ലിനുവിന്റെ വീട് സന്ദര്‍ശിച്ച മേജര്‍ രവിയാണ് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ കുടുംബത്തിന് കൈമാറുകയും ചെയ്തിരുന്നു.