ഒന്നും മിണ്ടാതെ അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍; അമ്മ ഒരു ക്ലബ് മാത്രമെന്ന് ഇടവേള ബാബു

ഒന്നും മിണ്ടാതെ അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍; അമ്മ ഒരു ക്ലബ് മാത്രമെന്ന് ഇടവേള ബാബു
Published on

വിജയ് ബാബുവിനെതിരായ നടപടിയും ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി അംഗങ്ങളുടെ രാജിയും ചര്‍ച്ചയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒന്നും മിണ്ടാതെ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. അംഗങ്ങള്‍ക്കായി സംഘടന നടത്താന്‍ ഉദ്ദേശിക്കുന്ന ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിനെ പറ്റി മാത്രമാണ് മോഹന്‍ലാല്‍ സംസാരിച്ചത്. വിജയ് ബാബു വിഷയത്തില്‍ അടക്കമുളള ചോദ്യങ്ങളില്‍ പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായില്ല.

ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തതും ഐസിസി അംഗങ്ങള്‍ രാജിവെച്ചതും വാര്‍ത്താസമ്മേളനത്തില്‍ ചര്‍ച്ചയായപ്പോള്‍ മോഹന്‍ലാലിന് അപ്പുറവും ഇപ്പുറവും ഇരുന്ന വൈസ് പ്രസിഡന്റുമാരായ മണിയന്‍പിള്ള രാജുവും ശ്വേത മേനോനും ട്രഷറര്‍ സിദ്ദീഖും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമാണ് വിഷയത്തില്‍ പ്രതികരിച്ചത്.

അമ്മ ഒരു ക്ലബ് ആണെന്നും ഇതുപോലെ മറ്റു ക്ലബുകളിലും വിജയ് ബാബു അംഗമാണെന്നാണ് ഇടവേള ബാബു പ്രതികരിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയത് കുറ്റകൃത്യമല്ലേ, അങ്ങനെ ഒരാളെ എങ്ങനെ യോഗത്തില്‍ പങ്കെടുപ്പിക്കുമെന്ന ചോദ്യത്തിന് അത് കോടതിയിലുള്ള വിഷയമാണെന്നാണ് ഇടവേള ബാബു പറഞ്ഞത്. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടി എടുക്കുമ്പോള്‍ അതിന്റെ കാര്യകാരണ സഹിതമേ ചെയ്യാന്‍ പറ്റുകയുള്ളു എന്നാണ് സിദ്ദീഖ് പറഞ്ഞത്.

അമ്മയുടെ ഐ.സി.സി ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് കാരണം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തിറക്കിയ പ്രസ് റിലീസില്‍ ഐ.സിയുടെ പേര് പരാമര്‍ശിക്കാത്തതാണ് എന്നും ശ്വേത മേനോന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in