ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നുള്ള വിചാരണ കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചെന്ന കേസ് പിന്‍വലിക്കണമന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ കോടതി തള്ളിയതിനെതിരെയാണ് നടന്‍ ഹര്‍ജിയുമായി ഹൈക്കോടതിയിലെത്തിയത്.
ആനക്കൊമ്പ് പിടികൂടുമ്പോള്‍ മോഹന്‍ലാലിന് ഉടമസ്ഥാവകാശ രേഖയുണ്ടായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഹര്‍ജി കീഴ്‌ക്കോടതി തള്ളിയാല്‍ എങ്ങനെയാണ് കേസിലെ പ്രതിയായ മോഹന്‍ലാല്‍ ഹര്‍ജി നല്‍കുന്നതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു.
പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.
2012ലാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് 4 ആനക്കൊമ്പുകള്‍ പിടികൂടിയത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.