ഒളിമ്പിക്സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി തരാം പി.ആര്‍ ശ്രീജേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നടന്‍ മോഹന്‍ ലാല്‍. ശ്രീജേഷ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമാണെന്ന് പറഞ്ഞ മോഹന്‍ ലാല്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെയെന്നും പറഞ്ഞു. എപ്പോഴെങ്കിലും നേരിട്ട് കാണാം എന്ന് പറഞ്ഞാണ് മോഹന്‍ ലാല്‍ ഫോണ്‍ വെച്ചത്. മോഹന്‍ലാല്‍ വിളിച്ചതിലെ സന്തോഷം ശ്രീജേഷും തിരിച്ചറിയിച്ചു.
''ഹലോ, ശ്രീജേഷ് ഞാന്‍ മോഹന്‍ലാലാണ്, കണ്‍ഗ്രാജുലേഷന്‍സ്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ അഭിമാനമാണ് ശ്രീജേഷ്. ഞാന്‍ ഹൈദരാബാദിലാണ്. നിങ്ങള്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഞാനറിഞ്ഞിരുന്നു. പക്ഷേ ബന്ധപ്പെടാന്‍ പറ്റിയില്ല. എപ്പോഴെങ്കിലും നേരിട്ട് കാണാം.
പി.ആര്‍ ശ്രീജേഷിനെ നടന്‍ മമ്മൂട്ടിയും വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
എറണാകുളം കിഴക്കമ്പലത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍ ഇതുപോലെ കൈവിറച്ചിരുന്നില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ട് സ്വീകരിച്ചുകൊണ്ട് പി.ആര്‍ ശ്രീജേഷ്. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയിരുന്നു.
മുമ്പ് മമ്മൂട്ടി നേതൃത്വം നല്‍കിയ ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടന വേളയില്‍ പി.ആര്‍ ശ്രീജേഷ് എത്തിയിരുന്നു. ഇക്കാര്യവും സംഭാഷണത്തില്‍ കടന്നുവന്നു. മമ്മൂട്ടിയെത്തിയതറിഞ്ഞ് ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.
നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ എന്നിവര്‍ക്കൊപ്പമായിരുന്നു ഒളിമ്പിക്സില്‍ മെഡലുമായി കിഴക്കമ്പലത്തെ വീട്ടിലെത്തിയ ശ്രീജേഷിനടുത്തേക്ക് മലയാളത്തിന്റെ പ്രിയതാരത്തിന്റെ സര്‍പ്രൈസ് വിസിറ്റ്.
പി ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ പാരിതോഷികമായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്യുന്ന ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് പി ആര്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം ലഭിച്ചത്.ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറാണ് ശ്രീജേഷ്.