മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസുമായി മുന്നോട്ട് പോകാമെന്നും മോഹന്‍ലാല്‍ തുടര്‍നടപടികള്‍ നേരിടണമെന്നും കോടതി അറിയിച്ചു.
2012ലാണ് ആദായ നികുതി വകുപ്പ് കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. പിന്നാലെ കേസ് വനംവകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
അതേസമയം ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതായിരുന്നു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 2016 ലും 2019ലും വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാല്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
ഇത് അംഗീകരിച്ച് നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പ് കൈവശം വെക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ് സര്‍ക്കാരും കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.