‘ഹിന്ദുക്കളാരും രാജ്യം വിടേണ്ടിവരില്ല’; പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് ആര്‍എസ്എസ് മേധാവി
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തായാലും ഹിന്ദുക്കളാരും രാജ്യം വിടേണ്ടി വരില്ലെന്ന് ആര്‍എസ്എസ് സര്‍ സംഘ്ചാലക് മോഹന്‍ ഭഗവത്. പശ്ചിമ ബംഗാളിലെ ഉലുബേറിയയില്‍ നടന്ന ആര്‍എസ്എസ്-ബിജെപി യോഗത്തിനിടെയാണ് മോഹന്‍ ഭഗവതിന്റെ പ്രതികരണം. അസം ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ ഹിന്ദുക്കള്‍ക്കൊപ്പം നില്‍ക്കുമെന്ന് മോഹനന്‍ ഭഗവത് ഉറപ്പുനല്‍കിയെന്ന് സംഘ്പരിവാര്‍ യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് നേതാവ് പ്രതികരിച്ചു.
ഒരു ഹിന്ദുവിന് പോലും രാജ്യത്തിന് പുറത്തുപോകേണ്ടി വരില്ലെന്ന് മോഹന്‍ ഭാഗവത് ജി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്ന ശേഷം ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍ ഇവിടെ തുടരുമെന്നും പറഞ്ഞു.
ആര്‍എസ്എസ് നേതാവ്
ആഗസ്റ്റ് 31ന് പുറത്തിറക്കിയ അന്തിമ പൗരത്വ രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇവരില്‍ മുസ്ലീകളേക്കാള്‍ അധികം പേര്‍ ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ചൂണ്ടിക്കാട്ടി അസം ബിജെപി നേതൃത്വം തന്നെ പട്ടികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
രാജ്യവ്യാപകമായി ദേശീയ പൗരത്വ ബില്‍ നടപ്പാക്കുമെന്നും പശ്ചിമ ബംഗാളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബിജെപി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അസമിലെ പരത്വ പട്ടിക പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി. ബിജെപിക്ക് വോട്ട് നല്‍കി പോന്നിരുന്ന ബംഗാളി ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം പട്ടികയ്ക്ക് പുറത്തായി. ഇതിനേത്തുടര്‍ന്ന് അസം മുഖ്യമന്ത്രി നേതൃത്വത്തിനോട് എതിര്‍പ്പ് അറിയിച്ചിരുന്നു. പട്ടികയ്ക്ക് പുറത്തായ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് പൗരത്വം ഉറപ്പാക്കാനായി നിയമനിര്‍മ്മാണം നടത്താനുള്ള നീക്കത്തിലാണ് അസം സര്‍ക്കാരിപ്പോള്‍.
മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബില്‍ ലോക്സഭ ജനുവരിയില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇത്. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികള്‍ക്ക് മാത്രമായിരുന്നു ഇതിന്റെ ആനുകൂല്യം. ബംഗ്ലാദേശ് സ്വതന്ത്രമായ ഇന്ത്യ പാക് വിഭജന കാലത്തും ബംഗ്ലാദേശ് രൂപീകരണത്തിന് തൊട്ടുമുന്‍പും ലക്ഷണക്കിനാളുകള്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്ന് അസമിലേക്ക് കുടിയേറിയിരുന്നു. ഇന്ത്യ-പാക് വിഭജന സമയത്ത് പഞ്ചാബ് അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയവര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കുടിയേറി. എന്നാല്‍ കിഴക്കന്‍ പാകിസ്താനില്‍ നിന്നുള്ളവരിലേറെയും അസമില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇങ്ങനെ കുടിയേറിവരില്‍ പട്ടികയ്ക്ക് പുറത്തായവര്‍ക്ക് കൂറ്റന്‍ തടവറകളാണ് അസമില്‍ സര്‍ക്കാര്‍ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അസമിന് സമാനമായി ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തെ ബംഗാളിലെ കുടിയേറ്റക്കാരെ 'ചിതലുകള്‍' എന്ന് അമിത് ഷാ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.