വധ ഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണം; മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയില്‍

വധ ഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണം; മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയില്‍
Published on

ഉത്തര്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹിന്ദുത്വ സന്യാസിമാര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരാണെന്ന് ട്വീറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സുബൈറിനെതിരെ സീതാപൂരില്‍ കേസെടുത്തത്.

തനിക്കെതിരെ വധ ഭീഷണിയുണ്ടെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സുബൈറിനെതിരെ വധ ഭീഷണിയുണ്ടെന്നും അതില്‍ തനിക്ക് ആശങ്കയുണ്ടെന്നും സുബൈറിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഡ്വക്കേറ്റ് കോളിന്‍ ഗോന്‍സ്ലേവ്‌സ് സുപ്രീം കോടതിയില്‍ പറഞ്ഞു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുബൈര്‍ കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അനുമതി ലഭിച്ചാല്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച തന്നെ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുബൈര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

'ചാനല്‍ സ്റ്റുഡിയോയിലിരുന്ന് സാമുദായികപരമായും മതപരമായും വിദ്വേഷം കുത്തിവെയ്ക്കാന്‍ മികച്ച അവതാരകര്‍ ഉള്ളപ്പോള്‍ യതി നരസിംഘ്‌നന്ദ് സരസ്വതിയെപോലെയും, മഹന്ത് ബജ്രംഗ് മുനിയെയും ആനന്ദ് സ്വരൂപിനെയും പോലെയുള്ള ആളുകളെയൊക്കെ എന്തിന് വേണം?,'എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്.

മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങളാണ് സുബൈറിന് മേല്‍ ചുമത്തിയ കുറ്റങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in