റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണ്. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയെടുക്കും. മുഖ്യമന്ത്രിയുമായും ജല അതോറിറ്റിയുമായും വിഷയം ചര്‍ച്ച ചെയ്യും.
സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. വ്യാഴാഴ്ച കോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നു മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേത്. നിലവില്‍ നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ തടസമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. മഴകളെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തും. കരാറുകാര്‍ക്ക് റോഡ് തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും റിയാസ് പറഞ്ഞു.
പണിയറിയില്ലെങ്കില്‍ റോഡ് എന്‍ജിനീയര്‍മാര്‍ രാജി വെച്ച് പോകണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സംസ്ഥാനത്തെ അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
റോഡുകള്‍ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്തുകൊണ്ടാണ്? റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെ ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
റോഡുകള്‍ തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാനുള്ള സംവിധാനമില്ലെന്നാണ് കൊച്ചി കോര്‍പറേഷന്‍ കോടതിയില്‍ അറിയിച്ചത്. ഇതിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. ഇത്തരം ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തി പുതിയ ആശയങ്ങള്‍ നടപ്പാക്കണമെന്ന് കോടതി നഗരസഭയോട് പറഞ്ഞിരുന്നു.
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പല ഉത്തരവുകള്‍ ഇറക്കിയെങ്കിലും ഫലമില്ലാത്ത അവസ്ഥയാണെന്നും കോടതി പറഞ്ഞു.കൊച്ചി നഗരത്തിന് പുറത്ത് മറ്റു റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി അമിക്കസ് ക്യൂറിമാര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപണികളുടെ വിവശദാംശങ്ങള്‍ അറിയിക്കാന്‍ വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും കോടതി നിര്‍ദേശം നല്‍കി.