റിയാസ് പിതൃസഹോദരന്റെ മകന്‍, പരോള്‍ വ്യവസ്ഥകള്‍ പാലിച്ചാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നും മുഹമ്മദ് ഹാഷിം
ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും വീണ തൈക്കണ്ടിയിലിന്റെയും വിവാഹച്ചടങ്ങില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുഹമ്മദ് ഹാഷിം. റിയാസ് തന്റെ പിതൃസഹോദരന്റെ മകനാണ്. പരോള്‍ വ്യവസ്ഥകള്‍ പാലിച്ചാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ഹാഷിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹച്ചടങ്ങില്‍ കൊലപാതകക്കേസ് പ്രതി പങ്കെടുത്തെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യരാണ് ആരോപണമുന്നയിച്ചത്. ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കുമൊപ്പം ഹാഷിം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഒറ്റപ്പിലാവ് സുരേഷ് ബാബു വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതിയായ ഹാഷിം കൊവിഡ് പശ്ചാത്തലത്തിലാണ് പരോളിലിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സന്ദര്‍ശക മുറിയിലായിരുന്നു ചടങ്ങ്. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊവിഡ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ റിയാസിന്റെ 65 വയസ് പിന്നിട്ട മാതാപിതാക്കള്‍ എത്തിയിരുന്നില്ല. വിവാഹ സത്കാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തിരുവനന്തപുരത്തുണ്ടായിരുന്ന സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും ഡിവൈഎഫ്‌ഐ നേതാക്കളും പങ്കെടുത്തു. ഐടി സ്ഥാപനമായ എക്‌സാലോജിക്‌സിന്റെ എംഡിയാണ് വീണ തൈക്കണ്ടിയില്‍.