ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുമോ? രൂക്ഷ വിമര്‍ശനവും ചര്‍ച്ചയും

ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുമോ? രൂക്ഷ വിമര്‍ശനവും ചര്‍ച്ചയും
Published on

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന വിനായക ചതുര്‍ത്ഥി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉയരുന്നു. മോദി തന്റെ എക്‌സ് ഹാന്‍ഡിലില്‍ പൂജയുടെ ചിത്രം പങ്കുവെച്ചിരുന്നു. ചീഫ് ജസ്റ്റിസും ഭാര്യയും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതും ഇരുവര്‍ക്കുമൊപ്പം മോദി പൂജയില്‍ പങ്കെടുക്കുന്നതും പിന്നീട് പുറത്തു വന്ന വീഡിയോയില്‍ കാണാം. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വസതിയില്‍ ഗണേശ പൂജയില്‍ പങ്കെടുത്തുവെന്നും ഗണേശ ഭഗവാന്‍ നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നുമാണ് മോദി എക്‌സ് പോസ്റ്റില്‍ കുറിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിംഗ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ഈ സംഭവത്തില്‍ ചീഫ് ജസ്റ്റിസിന് എതിരെ രംഗത്തെത്തി.

ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടീവിന്റെയും അധികാരങ്ങള്‍ തമ്മിലുള്ള വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തുവെന്നാണ് ഇന്ദിര ജയ്‌സിംഗ് പ്രതികരിച്ചത്. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടു. ഇതിനെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജഡ്ജുമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് നടന്നതെന്നും. ഇരുവരും ഒരു മതത്തിന്റെ ചടങ്ങ് പരസ്യമായി ചെയ്തത് അനുചിതമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.

എക്‌സിക്യൂട്ടീവിനാല്‍ തകര്‍ക്കപ്പെടുന്ന പൗരന്‍മാരുടെ മൗലികാവകാശങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തമാണ് ജുഡീഷ്യറിക്കുള്ളത്. എക്‌സിക്യൂട്ടീവ് അതിന്റെ അധികാര പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നാണ് സാധാരണയായി പറയാറുള്ളത്. അതുകൊണ്ടുതന്നെ ജഡജുമാരുടെ പെരുമാറ്റച്ചട്ടത്തില്‍ അവര്‍ പല കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രിയെ തികച്ചും സ്വകാര്യമായ മതവുമായി ബന്ധപ്പെട്ട് പരിപാടിയിലേക്ക് ചീഫ് ജസ്റ്റിസ് സ്വാഗതം ചെയ്തിരിക്കുകയാണ്. അങ്ങനെയൊരു സ്വകാര്യ പരിപാടിയില്‍ ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ പോകുകയെന്നത് പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം അനുചിതമാണ്. സുപ്രീം കോടതി മതേതരത്വത്തെ സംരക്ഷിക്കുന്ന സ്ഥാപനമാണ്. അതിന്റെ ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ഒരു മതത്തിന്റെ ചടങ്ങില്‍ പരസ്യമായി പങ്കെടുക്കുകയെന്നതും അനുചിതമാണ്. ഇരുവരും ചെയ്തത് ജഡ്ജുമാരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്.

1997ല്‍ ജുഡീഷ്യല്‍ ജീവിതത്തില്‍ പാലിക്കേണ്ട മൂല്യങ്ങളെപ്പറ്റി സുപ്രീം കോടതി ഫുള്‍ കോര്‍ട്ട് രൂപീകരിച്ച പെരുമാറ്റച്ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയും വന്‍ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

ജുഡീഷ്യറിയുടെ പക്ഷപാതരഹിതമായ പ്രവര്‍ത്തനത്തെക്കുറിച്ച് ജനങ്ങളില്‍ വിശ്വാസം ഉറപ്പിക്കുന്നതിനായി ഉന്നത നീതിപീഠങ്ങളില്‍ ഇരിക്കുന്നവര്‍ ചില പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് ഫുള്‍കോര്‍ട്ട് അന്ന് വ്യക്തമാക്കിയത്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജുമാര്‍ ഔദ്യോഗികമോയ സ്വകാര്യമോ ആയി വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന നടപടികളില്‍ ഏര്‍പ്പെടരുത്. തന്റെ ഓഫീസിന്റെ അന്തസ് കാക്കുന്നതിനായി പല കാര്യങ്ങളില്‍ നിന്നും ജഡ്ജുമാര്‍ അകലം പാലിക്കണം. തങ്ങള്‍ എല്ലാ സമയത്തും പൊതുജനങ്ങളാല്‍ വീക്ഷിക്കപ്പെടുന്നവരാണെന്ന് എല്ലാ സമയത്തും ജഡ്ജുമാര്‍ ബോധവാന്‍മാരായിരിക്കണം. പൊതുമധ്യത്തില്‍ വീഴ്ചകളുണ്ടാവാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം എന്നിവയായിരുന്നു ഫുള്‍കോര്‍ട്ട് നിര്‍ദേശങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in