കോണ്‍ഗ്രസ് ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ഒന്നും ചെയ്തില്ല, യു.ഡി.എഫ് മുല്ലപ്പെരിയാര്‍ സമരത്തില്‍ എം.എം. മണി

കോണ്‍ഗ്രസ് ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ഒന്നും ചെയ്തില്ല, യു.ഡി.എഫ് മുല്ലപ്പെരിയാര്‍ സമരത്തില്‍ എം.എം. മണി
Published on

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ എം.എല്‍.എ എം.എം മണി. കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതിയെന്നുമാണ് എം.എം മണിയുടെ വിമര്‍ശനം.

സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട് അനുകൂല നിലപാടാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും മണി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം ജല ബോംബാണെന്നും ഡാം അപകടാവസ്ഥയിലാണെന്നും നേരത്തെ എം.എം മണി പറഞ്ഞിരുന്നു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോ എന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ യു.ഡി.എഫ് സമരം തുടരുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടും കേരള സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് ഉപവാസ സമരം നടത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in