മര്യാദയ്ക്ക് മുന്നറിയിപ്പ് നല്‍കി വേണം ഡാം തുറക്കാന്‍, മുല്ലപ്പെരിയാറില്‍ എം.കെ സ്റ്റാലിന്റെ നിലപാട് ശരിയല്ലെന്ന് എം. എം മണി

മര്യാദയ്ക്ക് മുന്നറിയിപ്പ് നല്‍കി വേണം ഡാം തുറക്കാന്‍, മുല്ലപ്പെരിയാറില്‍ എം.കെ സ്റ്റാലിന്റെ നിലപാട് ശരിയല്ലെന്ന് എം. എം മണി
Published on

മുന്നറിയിപ്പ് നല്‍കാതെ ഡാം തുറക്കുന്നതിനെതില്‍ തമിഴ്‌നാടിനെതിരെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെയും വിമര്‍ശനവുമായി എം.എല്‍.എ എം.എം. മണി.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പകല്‍ തുറക്കണമെന്നും തുറക്കുമ്പോള്‍ മര്യാദയ്ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും എം.എം മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതെ വിഷയം തീരില്ല. മുല്ലപ്പെരിയാര്‍ കേരളത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇതിനായി ക്യാംപയിന്‍ സംഘടിപ്പിക്കണമെന്നും മണി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം എം.എം മണി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസുകാര്‍ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ട് ചെയ്യേണ്ടത് ഒന്നും ചെയ്തില്ല. ഇപ്പോള്‍ സമരമിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വീട്ടില്‍ പോയിരുന്ന് സമരം ചെയ്താല്‍ മതിയെന്നുമാണ് എം.എം മണി പറഞ്ഞത്.

സതീശന്‍ ആത്മാര്‍ത്ഥതയില്ലാത്ത ആളാണെന്നും മണി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാട് അനുകൂല നിലപാടാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്നും ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഡാം തുറക്കുന്നത് ശുദ്ധ മര്യാദകേടാണെന്നും മണി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in